'പകവീട്ടല്‍ പോലെ വധശിക്ഷ വിധിക്കുന്നു': വധശിക്ഷയില്‍ മാര്‍ഗനിര്‍ദേശവുമായി സുപ്രിംകോടതി
|പ്രതി പശ്ചാത്തപിക്കാനും മാറാനും സാധ്യതയുണ്ടോയെന്ന് സൂക്ഷ്മ പരിശോധന നടത്തണം
ഡല്‍ഹി: വിചാരണ കോടതി പകപോക്കൽ പോലെ വധശിക്ഷ വിധിക്കുന്നതായി സുപ്രിംകോടതിയുടെ നിരീക്ഷണം. വധശിക്ഷ വിധിക്കുന്നതിനു സുപ്രിംകോടതി മാർഗനിർദേശം പുറത്തിറക്കി. ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് മാർഗനിർദേശം പുറത്തിറക്കിയത്.
മധ്യപ്രദേശിൽ കവർച്ചയ്ക്കിടയിൽ മൂന്നു സ്ത്രീകളെ കൊലപ്പെടുത്തിയ മൂന്നു പ്രതികൾക്കു വിചാരണ കോടതി വധശിക്ഷ വിധിച്ചിരുന്നു. ഈ പ്രതികളുടെ അപ്പീലിലാണ് സുപ്രിംകോടതി സുപ്രധാനമായ നിരീക്ഷണം നടത്തിയത്. കുടുംബ പശ്ചാത്തലം ഉൾപ്പെടെ എല്ലാ വിവരങ്ങളും ശേഖരിച്ചു സർക്കാരിന് കൈമാറണം. പ്രതിയുടെ പ്രായം, ജോലി, ജോലി ഉണ്ടെങ്കിൽ കരാർ ആണോ അതോ സ്ഥിരമാണോ, മുൻകാല കുടുംബ പശ്ചാത്തലം, നിലവിലെ കുടുംബ പശ്ചാത്തലം എന്നിവയെ കുറിച്ച് വിശദമായ റിപ്പോർട്ട് ആണ് സമർപ്പിക്കേണ്ടത്.
കുറ്റകൃത്യം നടക്കുമ്പോഴുള്ള പ്രതിയുടെ മനോനില, പിന്നീടുള്ള പെരുമാറ്റം, ജയിൽ അധികൃതരുടെ റിപ്പോർട്ട് എന്നിവ പരിശോധിക്കണം. പ്രാദേശിക വികാരങ്ങള്‍ക്ക് അടിപ്പെട്ട് വിചാരണ കോടതികൾ നടപടി എടുക്കുന്നു എന്ന ആരോപണം ശക്തമാണ്. രാജ്യത്തെ ഏറ്റവും കൂടിയ ശിക്ഷയായ വധശിക്ഷയ്ക്ക് വിധിക്കപ്പെടുമ്പോൾ എല്ലാം പരിഗണിച്ച ശേഷം മാത്രമേ മുന്നോട്ടു പോകാവൂ എന്നാണ് പരമോന്നത കോടതിയുടെ നിർദേശം. പരിഷ്‌കൃത സമൂഹത്തിൽ വധശിക്ഷ ഒഴിവാക്കണം എന്ന അഭിപ്രായം വ്യാപകമായി ഉയരുമ്പോഴാണ് സുപ്രിംകോടതിയുടെ നിർണായക ഇടപെടൽ.