രാജ്യം കണ്ട ഏറ്റവും മികച്ച ഭരണാധികാരിയാണ് മോദിയെന്ന് അമിത് ഷാ; വായടപ്പൻ മറുപടിയുമായി ഡെക്കാൻ ഹെറാൾഡ്
|കോവിഡ് മഹാമാരിക്കു മുമ്പു തന്നെ നിരവധി സൂചികകളിൽ രാജ്യം പുറകോട്ടു പോയെന്ന് ഡെക്കാൻ ഹെറാൾഡ് ചൂണ്ടിക്കാട്ടുന്നു.
ബംഗളൂരു: സ്വാതന്ത്ര്യത്തിന് ശേഷം രാജ്യം കണ്ട ഏറ്റവും മികച്ച ഭരണാധികാരിയാണ് നരേന്ദ്രമോദിയെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ അവകാശവാദത്തെ പരിഹസിച്ച് ഇംഗ്ലീഷ് ദിനപത്രം ഡെക്കാൻ ഹെറാൾഡ്. ആഗോള വിശപ്പ് സൂചിക, വികസന സൂചിക, ലോക മാധ്യമ സ്വാതന്ത്ര്യ സൂചിക, ജിഡിപി തുടങ്ങിയ വസ്തുതകൾ ഉന്നയിച്ചാണ് പത്രം ഷായുടെ അവകാശവാദത്തെ ചോദ്യം ചെയ്തത്. സ്പീക്ക്ഔട്ട് എന്ന കോളത്തിലാണ് പത്രത്തിന്റെ പ്രതികരണം.
കേന്ദ്രമന്ത്രിയുടെ പ്രസ്താവന നൽകിയ ശേഷം അതിനുതാഴെ വിവിധ സൂചികകളുമായി ബന്ധപ്പെട്ട വസ്തുതകൾ പത്രം വിവരിക്കുന്നത് ഇങ്ങനെ; വിശപ്പു സൂചികയിൽ 94 ആയിരുന്ന സ്ഥാനം 101ലെത്തി. മനുഷ്യവികസന സൂചികയിൽ 130ൽ നിന്ന് 131 ആയി. ജനാധിപത്യ സൂചിക 41 (2018)ൽ നിന്ന് 51 ആയി. രാജ്യത്തിന്റെ ജിഡിപി 2018ലെ 6.53 ശതമാനത്തിൽ നിന്ന് 2019ൽ 4.04 ശതമാനമായി. തൊഴിലില്ലായ്മാ നിരക്ക് നോട്ടുനിരോധന ശേഷം ഏറ്റവും ഉയർന്ന നിലയിലെത്തി. മതസ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ പ്രത്യേക ഉത്കണ്ഠയുള്ള രാജ്യങ്ങളുടെ പട്ടികയിലേക്ക് മാറി രാജ്യം- പത്രം ചൂണ്ടിക്കാട്ടി.
കോവിഡ് മഹാമാരിക്കു മുമ്പു തന്നെ നിരവധി സൂചികകളിൽ രാജ്യം പുറകോട്ടു പോയെന്നും ഡെക്കാൻ ഹെറാൾഡ് പറയുന്നു.
അമിത് ഷാ പറഞ്ഞത്
മോദി അധികാരത്തിൽ 20 വർഷം പൂർത്തീകരിച്ചതിന്റെ ഭാഗമായി നടന്ന ഒരു ദേശീയ കോൺഫറൻസ് ഉദ്ഘാടനം ചെയ്യവെയാണ് ഷാ പ്രധാനമന്ത്രിയെ അതിരറ്റ് വാഴ്ത്തിയിരുന്നത്.
'1960-കൾക്ക് ശേഷവും 2014-ലും ബഹുകക്ഷി ജനാധിപത്യ സംവിധാനം വിജയകരമാകുമോ എന്ന് ആളുകൾ സംശയിച്ചിരിക്കുകയായിരുന്നു. ഗുണപരമായ ഫലങ്ങൾ ഇല്ലാത്ത സാഹചര്യത്തിൽ ഈ സംവിധാനം പരാജയപ്പെട്ടോ എന്ന് ആളുകൾ സംശയിച്ചു. വളരെ ക്ഷമയോടെ ആളുകൾ കാത്തിരിക്കുകയും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കേവലഭൂരിപക്ഷത്തോടെ അധികാരം നൽകുകയും ചെയ്തു. 2014-പൊതു തെരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിൽ വരുന്നതിന് മുമ്പ് കേന്ദ്ര സർക്കാർ അധികാരത്തർക്കത്തിൽ ആടിയുലയുകയായിരുന്നു. ഒരു പ്രധാനമന്ത്രിയെ പ്രധാനമന്ത്രിയായി പരിഗണിക്കാത്ത കാബിനറ്റ് മന്ത്രിമാരുള്ള ഒരു സർക്കാരായിരുന്നു അന്നുണ്ടായിരുന്നത്. എല്ലാവരും തങ്ങളാണ് പ്രധാനമന്ത്രി എന്ന നിലക്കാണ് പ്രവർത്തിച്ചത്'-ഷാ പറഞ്ഞു.
'2014ൽ എൻഡിഎ അധികാരത്തിൽ വരുന്നതിന് മുമ്പ് നമ്മുടെ ജനാധിപത്യ സംവിധാനം എപ്പോൾ വേണമെങ്കിലും തകരുമെന്ന അവസ്ഥയിലായിരുന്നു. നയപരമായ ദൗർബല്യമായിരുന്നു രാജ്യത്തുണ്ടായിരുന്നത്. ഇന്ത്യയ്ക്കു ലഭിച്ചിരുന്ന ബഹുമാനം ഏറ്റവും താഴ്ന്ന നിലയിലായിരുന്നു. 12 ലക്ഷം കോടിയുടെ അഴിമതി, ആഭ്യന്തര സുരക്ഷയെ കുറിച്ചുള്ള ചോദ്യങ്ങൾ... നമ്മുടെ ജനാധിപത്യ സംവിധാനം എപ്പോൾ വേണമെങ്കിലും തകരാമെന്ന അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. ഈ ഘട്ടത്തിലാണ് ബിജെപി ഗുജറാത്ത് മുഖ്യമന്ത്രിയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി രംഗത്തിറക്കുന്നത്. സ്വാതന്ത്ര്യത്തിന് ശേഷം രാജ്യം കണ്ട ഏറ്റവും മികച്ച ഭരണാധികാരിയാണ് നരേന്ദ്രമോദി.'- അദ്ദേഹം കൂട്ടിച്ചേർത്തു.