അമേഠി,റായ്ബറേലി സീറ്റുകളിലെ കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനം ഇന്ന്
|രാഹുൽ ഗാന്ധി റായ്ബറേലിയിൽ മത്സരിച്ചേക്കും
ഡല്‍ഹി: അമേഠി,റായ്ബറേലി സീറ്റുകളിൽ കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനം ഇന്ന്. രാഹുൽ ഗാന്ധി റായ്ബറേലിയിൽ മത്സരിച്ചേക്കും. എന്നാൽ പ്രിയങ്ക ഗാന്ധി ഇത്തവണ മത്സരിച്ചേക്കില്ല.
അമേഠി വിട്ട് രാഹുൽ ഗാന്ധി സോണിയ ഗാന്ധിയുടെ പിൻഗാമിയായി റായ്ബറേലിയിൽ മത്സരിക്കും. ഗാന്ധി കുടുംബത്തിൽ നിന്ന് മൂന്നുപേരും മത്സരിക്കേണ്ട എന്ന നിലപാടാണ് സോണിയ ഗാന്ധിക്കുള്ളത്. അതിനാൽ തന്നെ പ്രിയങ്ക ഗാന്ധി മത്സരിക്കാനിടയില്ല. രാഹുൽ റായ്ബറേലിയിൽ മത്സരിക്കുന്നതോടെ അമേഠിയിൽ പുതുമുഖത്തിന് അവസരം നൽകും.
രാഹുൽ ഗാന്ധി റായ് ബറേലിയിലേക്ക് മാറുക ആണെങ്കിൽ മുന്‍ കേന്ദ്രമന്ത്രിയും ഗവര്‍ണറുമായിരുന്ന ഷീല കൗളിന്റെ ചെറുമകൻ ആശിഷ് കൗളിന് അമേഠിയിൽ നറുക്ക് വീണേക്കും. ഉത്തർപ്രദേശിലെ 17 സീറ്റുകളിലാണ് കോൺഗ്രസ് മത്സരിക്കുന്നത്. അമേഠി, റായ്ബറേലി ഒഴിച്ചു 15 സ്ഥാനാർഥികളെയും പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേർന്ന കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം, അമേഠി, റായ്ബറേലി സീറ്റുകളിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം അധ്യക്ഷൻ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെക്ക് വിട്ടിരുന്നു. മേയ് 20 ന് അഞ്ചാം ഘട്ടത്തിലാണ് റായ്ബറേലിയിലും അമേഠിയിലും വോട്ടെടുപ്പ്. നാളെയാണ് നാമനിർദേശ പത്രിക സമർപ്പിക്കുവാനുള്ള അവസാന ദിവസം.