ഗുജറാത്തില്‍ പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാന്‍ തിരക്കിട്ട നീക്കം; എം.എല്‍.എമാരുടെ യോഗം വൈകീട്ട്
|കോവിഡ് പ്രതിരോധത്തിലെ വീഴ്ച ഉള്‍പ്പെടെ നിരവധി ഭരണപരാജയങ്ങളുടെ ചുമടുമായാണ് വിജയ് രൂപാണി മുഖ്യമന്ത്രി പദം ഒഴിഞ്ഞത്. തെരഞ്ഞെടുപ്പിനു 15 മാസം മാത്രം അവശേഷിക്കുമ്പോള്‍ പുതിയ മുഖത്തെ ഇറക്കി ഭരണവിരുദ്ധ വികാരം മറികടക്കാമെന്ന കണക്ക് കൂട്ടലിലാണ് ബി ജെ പി.
ഗുജറാത്തില്‍ പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള തിരക്കിട്ട ചര്‍ച്ചകള്‍ തുടരുന്നു. എം.എല്‍. എ മാരുടെ യോഗം വൈകിട്ട് മൂന്നര്ക്ക് ആരംഭിക്കും. വിജയ് രൂപാണി മുഖ്യമന്ത്രി പദം രാജിവച്ചതോടെയാണ് ബി.ജെ.പി പുതിയ മുഖ്യമന്ത്രിയെ തേടുന്നത്.
കോവിഡ് പ്രതിരോധത്തിലെ വീഴ്ച ഉള്‍പ്പെടെ നിരവധി ഭരണപരാജയങ്ങളുടെ ചുമടുമായാണ് വിജയ് രൂപാണി മുഖ്യമന്ത്രി പദം ഒഴിഞ്ഞത്. തെരഞ്ഞെടുപ്പിനു 15 മാസം മാത്രം അവശേഷിക്കുമ്പോള്‍ പുതിയ മുഖത്തെ ഇറക്കി ഭരണവിരുദ്ധ വികാരം മറികടക്കാമെന്ന കണക്ക് കൂട്ടലിലാണ് ബി ജെ പി. രണ്ട് മാസത്തിനുള്ളില്‍ മൂന്നാമത്തെ ബി.ജെ.പി മുഖ്യമന്ത്രിയാണ് മോശം പ്രകടനത്തിന്റെ പേരില്‍ പുറത്തു പോകുന്നത്. ഹാര്‍ദിക് പട്ടേലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസും കോര്‍പറേഷനുകളില്‍ സീറ്റ് നേടിയ ആം ആദ്മി പാര്‍ട്ടിയും ഗുജറാത്തില്‍ ബി.ജെ.പിയുടെ വീഴ്ച ഓരോന്നായി ചൂണ്ടിക്കാണിച്ചുകൊണ്ടിരിക്കുകയാണ്.
ഡല്‍ഹിയില്‍ നിന്ന് കേന്ദ്രനിരീക്ഷകരായി മന്ത്രിമാരായ പ്രഹ്ലാദ് ജോഷി, നരേന്ദ്ര സിങ് തോമര്‍ എന്നിവരെ ഗുജറാത്തിലേക്ക് അയച്ചു. ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ മൂന്നരയോടെ എം.എല്‍.എമാരുടെ യോഗം ചേരും. ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍, കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ, ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോട പട്ടേല്‍, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ സി.ആര്.പാട്ടീല്‍, കൃഷി മന്ത്രി ആര്.സി. ഫല്ദു, കേന്ദ്രമന്ത്രി പുരുഷോത്തം രൂപാല എന്നിവരുടെ പേരാണ് പ്രധാനമായും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. പട്ടേല്‍ സമുദായത്തിന്റെ അതൃപ്തി ഒഴിവാക്കാന്‍ ഈ വിഭാഗത്തില്‍ നിന്നുള്ള നേതാവിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവും സജീവമാണ്.