'പശുക്കളിലെ ലംപി ത്വക്ക് രോഗം മഹാമാരിയായി പ്രഖ്യാപിക്കണം': കേന്ദ്രത്തോട് രാജസ്ഥാന്‍ മുഖ്യമന്ത്രി
|എട്ടോളം സംസ്ഥാനങ്ങളില്‍ രോഗം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രി ആവശ്യമുന്നയിച്ചത്.
ജയ്പൂര്‍ : പശുക്കളിലെ ലംപി ത്വക്ക് രോഗം മഹാമാരിയായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. എട്ടോളം സംസ്ഥാനങ്ങളില്‍ രോഗം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രി ആവശ്യമുന്നയിച്ചത്.
പശുക്കള്‍ രോഗത്തിന് കീഴടങ്ങുന്നത് വളരെ വേദനാജനകമാണെന്നും ഇപ്പോഴെങ്കിലും നടപടിയെടുത്തില്ലെങ്കില്‍ സ്ഥിതി കൂടുതല്‍ വഷളാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. "സാഹചര്യം വളരെ മോശമാണ്. രോഗം പടര്‍ന്നാല്‍ കോവിഡ് മനുഷ്യരെ ബാധിച്ചത് പോലെ അത് കാലികളെയും ബാധിക്കും. രോഗത്തെ മഹാമാരിയായി പ്രഖ്യാപിക്കുകയാണെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് ദുരിത നിവാരണ ഫണ്ട് ഉപയോഗിച്ച് വേണ്ട നടപടികളിലേക്ക് കടക്കാം. രോഗം വളരെ പെട്ടന്നാണ് പടരുന്നത്. ഗുജറാത്തിലെ സ്ഥിതിയൊക്കെ മോശമായിക്കഴിഞ്ഞു. നിലവില്‍ നമ്മുടെ രാജ്യത്ത് രോഗത്തിനെതിരെ വാക്‌സീന്‍ ലഭ്യമല്ല. എന്നാല്‍ ഇത് വികസിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയിട്ടുണ്ട്." ഗെഹ്‌ലോട്ട് അറിയിച്ചു.
രാജസ്ഥാനില്‍ മാത്രം 22,000 മൃഗങ്ങള്‍ ലംപി രോഗം വന്ന് ചത്തു എന്നാണ് കണക്ക്. ഇതില്‍ പശുക്കളെയാണ് രോഗം കൂടുതലായും ബാധിച്ചിരിക്കുന്നത്. സംസ്ഥാനത്തെ 33 ജില്ലകളില്‍ 29ലും ലംപി രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറി ഉഷാ ശര്‍മ ആയുര്‍വേദ വിദഗ്ധര്‍ക്കും മൃഗസംരക്ഷണ വകുപ്പിനും നിര്‍ദേശം നല്‍കി.