India
Defamation case: Hearing on Rahul Gandhis plea postponed to May 2

രാഹുൽ ഗാന്ധി

India

അപകീർത്തി കേസ്: രാഹുൽ ഗാന്ധിയുടെ ഹരജിയിൽ വാദം കേൾക്കുന്നത് മെയ് രണ്ടിലേക്ക് മാറ്റി

Web Desk
|
29 April 2023 10:51 AM GMT

രാഹുൽ ഗാന്ധി സമർപ്പിച്ച ഹരജി ഹൈക്കോടതി ജസ്റ്റിസ് ഹേമന്ത് പ്രച്ഛകാണ് പരിഗണിച്ചത്

അഹമ്മദാബാദ്: അപകീർത്തിക്കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സമർപ്പിച്ച ഹരജിയിൽ വാദം കേൾക്കൽ മെയ് രണ്ടിലേക്ക് മാറ്റി ഗുജറാത്ത് ഹൈക്കോടതി. ഏപ്രിൽ 20ലെ സെഷൻസ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് രാഹുൽ സമർപ്പിച്ച ഹരജി ഹൈക്കോടതി ജസ്റ്റിസ് ഹേമന്ത് പ്രച്ഛകാണ് പരിഗണിച്ചത്. ഹരജിയിൽ കോടതിയിൽ നിന്നും അനുകൂല വിധിപ്രസ്താവമുണ്ടായാൽ രാഹുൽ ഗാന്ധിയുടെ പാർലമെന്റ് അംഗത്വം പുനഃസ്ഥാപിച്ചേക്കും.

കേസ് പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് ഗീത ഗോപി നേരത്തെ പിൻമാറിയിരുന്നു. കുറ്റക്കാരനെന്ന് കണ്ടെത്തിയ മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന രാഹുലിൻറെ അപേക്ഷ നേരത്തെ സൂറത്ത് സെഷൻസ് കോടതി തള്ളുകയായിരുന്നു. മുതിർന്ന അഭിഭാഷകനും കോൺഗ്രസ് നേതാവുമായ അഭിഷേക് മനു സിംഗ്വിയാണ് രാഹുൽ ഗാന്ധിക്ക് വേണ്ടി കോടതിയിൽ ഹാജരായത്.നേരത്തെ മോദി പരാമർശത്തിൽ സൂറത്ത് കോടതി രാഹുലിന് രണ്ടു വർഷം തടവുശിക്ഷ വിധിച്ചിരുന്നു. സൂറത്ത് സി.ജെ.എം കോടതിയുടേതാണ് വിധി.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ കർണാടകയിലെ കോലാറിൽ നടത്തിയ പ്രസംഗമാണ് കേസിനാധാരം. കള്ളൻമാരുടെ പേരിനൊപ്പം മോദിയെന്ന് വരുന്നതെന്തുകൊണ്ടാണെന്നാണ് രാഹുൽ ചോദിച്ചത്. ഇത് മോദി സമുദായത്തിനാകെ അപമാനമുണ്ടാക്കിയെന്ന് കാണിച്ച് സൂറത്തിലെ മുൻ മന്ത്രിയും എം.എൽ.എയുമായ പൂർണേഷ് മോദിയാണ് പരാതി നൽകിയത്. കോടതി വിധിയെ തുടർന്ന് രാഹുൽ ഗാന്ധി എം.പി സ്ഥാനത്തു നിന്ന് അയോഗ്യനാക്കപ്പെട്ടു. കഴിഞ്ഞ ദിവസം അദ്ദേഹം തുഗ്ലക്ക് ലൈനിലെ വസതിയൊഴിഞ്ഞു. 19 വർഷം താമസിച്ച വീട്ടിൽ നിന്നാണ് രാഹുൽ പടിയിറങ്ങിയത്. അമ്മ സോണിയാ ഗാന്ധിയുടെ 10 ജൻപഥിലെ വസതിയിലേക്കാണ് രാഹുൽ താമസം മാറ്റിയത്.

Similar Posts