ഹരിദ്വാറില്‍ 'ആർ.എസ്.എസ്-കൗരവ' കുരുക്ക്; രാഹുൽ ഗാന്ധിക്കെതിരെ വീണ്ടും മാനനഷ്ടക്കേസ്
|മഹാത്മാ ഗാന്ധിയുടെ വധത്തിൽ ആർ.എസ്.എസ്സിനു പങ്കുണ്ടെന്ന രാഹുലിന്റെ വിമർശനത്തിനെതിരെ മഹാരാഷ്ട്രയിലെ താനെയിലും മാനനഷ്ടക്കേസ് നിലനിൽക്കുന്നുണ്ട്
ഡെറാഡൂൺ: ഗുജറാത്തിനും മഹാരാഷ്ട്രയ്ക്കും പിന്നാലെ ഉത്തരാഖണ്ഡിലും രാഹുൽ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ്. ആർ.എസ്.എസ്സിനെ വിമർശിക്കാൻ നടത്തിയ 'കൗരവർ' പരാമർശം ചൂണ്ടിക്കാട്ടിയാണ് ഇത്തവണ നിയമനടപടി. ഹരിദ്വാർ കോടതിയിലാണ് കേസ് ഫയൽ ചെയ്തത്.
കാക്കി നിക്കറും കൈയിൽ കുറുവടിയുമുള്ള 21-ാം നൂറ്റാണ്ടിലെ കൗരവരാണ് ആർ.എസ്.എസ് എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. രാജ്യത്തെ രണ്ടുമൂന്നു ശതകോടീശ്വരന്മാർ കൗരവന്മാർക്കൊപ്പമാണുള്ളതെന്നും വിമർശനമുണ്ടായിരുന്നു. 'ഭാരത് ജോഡോ' യാത്രയ്ക്കിടെ കുരുക്ഷേത്രയിൽ വെച്ചായിരുന്നു രാഹുലിന്റെ പരാമർശം.
ഇക്കാര്യം ചൂണ്ടിക്കാട്ടി ആർ.എസ്.എസ് പ്രവർത്തകനെന്ന് സ്വയം വിശേഷിപ്പിക്കുന്ന കമൽ ഭദോരിയയാണ് പരാതി നൽകിയത്. അഭിഭാഷകനായ അരുൺ ഭദോരിയയാണ് കമലിനു വേണ്ടി കോടതിയെ സമീപിച്ചത്. ജനുവരിയിൽ അയച്ച വക്കീൽ നോട്ടിസിന് രാഹുൽ പ്രതികരിച്ചിട്ടില്ലെന്ന് ഹരജിക്കാരൻ പരാതിയിൽ ഉന്നയിച്ചു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 499, 500 വകുപ്പുകൾ പ്രകാരമാണ് കേസ്. മാനനഷ്ടക്കേസുമായി ബന്ധപ്പെട്ടതാണ് രണ്ട് വകുപ്പുകളും. രണ്ടുവർഷം വരെ തടവുശിക്ഷ അനുഭവിക്കേണ്ടിവരും. കേസ് ഈ മാസം പന്ത്രണ്ടിന് പരിഗണിക്കുമെന്നാണ് വിവരം.
മോദി വിമർശനത്തിലുള്ള മാനനഷ്ടക്കേസിൽ മാർച്ച് 23നാണ് സൂറത്ത് കോടതി രാഹുൽ ഗാന്ധി കുറ്റക്കാരനാണെന്ന് വിധിച്ചത്. രണ്ടു വർഷം തടവുശിക്ഷ വിധിക്കുകയും ചെയ്തു. ഇതിനു പിന്നാലെ രാഹുലിന്റെ പാർലമെന്റ് അംഗത്വം റദ്ദാക്കി ലോക്‌സഭാ സെക്രട്ടറി ഉത്തരവിറക്കുകയായിരുന്നു. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ വധത്തിൽ ആർ.എസ്.എസ്സിനു പങ്കുണ്ടെന്ന രാഹുലിന്റെ വിമർശനത്തിനെതിരെ മഹാരാഷ്ട്രയിലെ താനെയിലും മാനനഷ്ടക്കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2014ൽ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് കേസ്.
Summary: A criminal defamation complaint has been filed against Rahul Gandhi at Haridwar court in Uttarakhand for his remark describing RSS as '21st century Kauravas'