India
വർഗീയപ്രചാരണങ്ങളിൽ വീഴരുത്, മുസ്‌ലിം-അമുസ്‌ലിം വേർതിരിവ് പാടില്ല- വ്യാപാരി ബഹിഷ്‌ക്കരണ കാംപയിൻ തള്ളി ജംഇയ്യത്തുൽ ഉലമായെ ഹിന്ദ്
India

'വർഗീയപ്രചാരണങ്ങളിൽ വീഴരുത്, മുസ്‌ലിം-അമുസ്‌ലിം വേർതിരിവ് പാടില്ല'- വ്യാപാരി ബഹിഷ്‌ക്കരണ കാംപയിൻ തള്ളി ജംഇയ്യത്തുൽ ഉലമായെ ഹിന്ദ്

Web Desk
|
1 April 2022 12:23 PM GMT

''മുസ്‌ലിംകളെന്ന നിലയ്ക്ക് നമ്മൾ എല്ലാ മതക്കാരെയും ബഹുമാനിക്കണം. ആർക്കും ഉപദ്രവം ചെയ്യാതെയും സൂക്ഷിക്കണം. ചുറ്റുമുള്ള എല്ലാവരുടെയും സുരക്ഷയും സംരക്ഷണവും നമ്മൾ ഉറപ്പാക്കുകയും വേണം. ഏറ്റവും നല്ല നിലയിലും മര്യാദയോടെയുമാണ് അവരോട് പെരുമാറേണ്ടത്. ഇതെല്ലാം ഇസ്‌ലാമിന്റെ അധ്യാപനങ്ങളാണ്.''

ബെംഗളൂരു: കർണാടകയിലെ മുസ്‌ലിം വ്യാപാരി വിലക്കിനെതിരായ പ്രതികാര പ്രചാരണങ്ങൾക്കെതിരെ മുസ്‌ലിം സംഘടയായ ജംഇയ്യത്തുൽ ഉലമായെ ഹിന്ദ്. റമദാനിൽ അമുസ്‌ലിം വ്യാപാരികളെ ബഹിഷ്‌ക്കരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കാംപയിനിന് ശ്രദ്ധകൊടുക്കരുതെന്ന് സംഘടനയുടെ കർണാടക ഘടകം ആഹ്വാനം ചെയ്തു. വർഗീയ പ്രചാരണങ്ങൾക്ക് കീഴ്‌പ്പെടരുതെന്നും മതത്തിന്റെ അടിസ്ഥാനത്തിൽ വിവേചനങ്ങൾ പാടില്ലെന്നും വാർത്താകുറിപ്പിൽ പ്രസിഡന്റ് മുഫ്തി ഇഫ്തികാർ അഹ്‌മദ് ഖാസ്മി, ജനറൽ സെക്രട്ടറി മുഫ്തി ശംസുദ്ദീൻ ബജലി ഖാസ്മി എന്നിവർ വിശ്വാസികളോട് ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് ക്ഷേത്ര പരിസരങ്ങളിൽ മുസ്‌ലിം വ്യാപാരികൾക്ക് വിലക്കേർപ്പെടുത്താനുള്ള ആശങ്കാജനകമായ വാർത്തകൾക്കിടെ റമദാൻ മാസം മുസ്‌ലിം വ്യാപാരികളിൽനിന്നു മാത്രമേ സാധനങ്ങൾ വാങ്ങാവൂ എന്ന തരത്തിൽ മറ്റൊരു പ്രചാരണവും സമൂഹമാധ്യമങ്ങളിൽ നടക്കുന്നുണ്ട്. മുസ്‌ലിംകളുടെ ഭാഗത്തുനിന്നുള്ള പ്രതികരണം എന്ന നിലയിലാണ് ഇതു പ്രചരിക്കുന്നത്. കൂടുതൽ ആശങ്കയുണ്ടാകുന്ന കാര്യമാണിത്-വാർത്താകുറിപ്പിൽ പറയുന്നു.

''വ്യാജവാർത്തകൾ വ്യാപകമായി കള്ളം പ്രചരിപ്പിക്കുന്നതിനെക്കുറിച്ച് എല്ലാവരും ബോധവാന്മാരാണ്. അതിന്റെ ഏറ്റവും തീവ്രമായ നിലയിലാണ് കഴിഞ്ഞ കുറച്ചു ദിവസമായി മുസ്‌ലിംകളാണെന്നു കാണിച്ച് ചില സാമൂഹിക വിരുദ്ധർ മുസ്‌ലിംകലെന്ന പേരിൽ സമൂഹമാധ്യമങ്ങളിലൂടെ വൃത്തികെട്ട നിലയിൽ സന്ദേശങ്ങൾ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. നാട്ടുകാർക്കിടയിലെ സമാധാനവും സൗഹാർദവും തകർക്കുക മാത്രമാണ് അവരുടെ അജണ്ട.''

ഇത്തരം പ്രചാരണങ്ങൾക്കെതിരെ ജാഗ്രത പാലിക്കുകയും കരുതിയിരിക്കുകയും വേണമെന്നും സംഘടന ആവശ്യപ്പെട്ടു. ക്ഷുദ്രചിന്തകളുമായി നടക്കുന്ന ചിലർ പ്രചരിപ്പിക്കുന്ന ഗൂഢാലോചനയുടെ ഭാഗമാണിതെന്ന് നമ്മൾ മനസിലാക്കണം. മുസ്‌ലിം സംഘടനകളോ മതനേതൃത്വമോ പുറത്തിറക്കിയതല്ല ഈ സന്ദേശങ്ങളെന്നു ശ്രദ്ധിക്കണം. മുസ്‌ലിം സമുദായത്തിന്റെ പൊതുവികാരവുമല്ല അത്. വിവേകമുള്ള ഒരു മുസ്‌ലിമും അത് ചെയ്യുകയോ പ്രചരിപ്പിക്കുകയോ ചെയ്യാനും പാടില്ല. ഉത്തരവാദപ്പെട്ട സമൂഹമെന്ന നിലയ്ക്ക് വിദ്വേഷം വളർത്തുന്ന അത്തരം ക്ഷുദ്ര അജണ്ടകളെ നമ്മൾ തകർക്കുകയും വേണമെന്നും നേതാക്കൾ ഉണർത്തി.

''മുസ്‌ലിംകളെന്ന നിലയ്ക്ക് നമ്മൾ എല്ലാ മതക്കാരെയും ബഹുമാനിക്കണം. ആർക്കും ഉപദ്രവം ചെയ്യാതെയും സൂക്ഷിക്കണം. ചുറ്റുമുള്ള എല്ലാവരുടെയും സുരക്ഷയും സംരക്ഷണവും നമ്മൾ ഉറപ്പാക്കുകയും വേണം. ഏറ്റവും നല്ല നിലയിലും മര്യാദയോടെയുമാണ് അവരോട് പെരുമാറേണ്ടത്. മുസ്‌ലിംകൾ-അമുസ്‌ലിംകൾ എന്ന വേർതിരിവ് കാണിക്കരുത്. ഇതെല്ലാം ഇസ്‌ലാമിന്റെ അധ്യാപനങ്ങളാണ്. പ്രിയപ്പെട്ട പ്രവാചകൻ മുഹമ്മദ് നബിയുടെ അധ്യാപന പ്രകാരം നമ്മുടെ അയൽക്കാരുടെ അവകാശങ്ങൾ ഉറപ്പാക്കേണ്ടതുമുണ്ട്.''

വർഗീയ അജണ്ടകളിൽ വീണുപോകരുതെന്ന് എല്ലാ മുസ്‌ലിംകളോടും വിനയത്തോടെ ആവശ്യപ്പെടുകയാണ്. മതത്തിൻരെ അടിസ്ഥാനത്തിൽ മനുഷ്യരെ വേർതിരിക്കരുത്. ഉത്തരവാദപ്പെട്ട പൗരന്മാരെന്ന നിലയ്ക്ക് ഓരോ സന്ദേശവും പങ്കുവയ്ക്കുംമുൻപ് അതിന്റെ ആധികാരികത അന്വേഷിക്കേണ്ടതുണ്ട്. വാട്‌സ്ആപ്പിലും മറ്റ് സമൂഹമാധ്യമങ്ങളിലും പ്രചരിപ്പിക്കപ്പെടുന്ന പ്രകോപനപരമായ സന്ദേശങ്ങൾ പങ്കുവയ്ക്കരുതെന്നും നേതാക്കൾ വാർത്താകുറിപ്പിൽ ആവശ്യപ്പെട്ടു.

ക്ഷേത്രപരിസരങ്ങളിലെ മുസ്‌ലിം വ്യാപാരി വിലക്ക്

കർണാടകയിലെ ശിവമോഗ, ദക്ഷിണ കന്നട ജില്ലകളിലാണ് ഉത്സവവേളകളിലും മറ്റ് ക്ഷേത്ര പരിപാടികൾക്കിടയിലുമെല്ലാം ക്ഷേത്ര പരിസരങ്ങളിൽ മുസ്ലിം വ്യാപാരികൾ കച്ചവടം നടത്തുന്നത് വിലക്കിയിരിക്കുന്നത്. ഇതിനെ ചുവടുപിടിച്ച് ബംഗളൂരു അർബൻ, ഹാസൻ, തുമകുരു, ചിക്മഗളൂരു എന്നീ ജില്ലകളിലും മുസ്ലിം വ്യാപാരികൾക്ക് വിലക്കേർപ്പെടുത്തിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നു.

2002ലെ കർണാടക റിലീജ്യസ് ഇൻസ്റ്റിറ്റിയൂഷൻസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ് ആക്ട് പ്രകാരം ക്ഷേത്ര പരിസരങ്ങളിൽ കച്ചവടം നടത്തുന്നതിന് അഹിന്ദുക്കൾക്ക് വിലക്കുണ്ട്. ഇത് എന്നാൽ, ഉത്സവകാലങ്ങളിലും പ്രത്യേക പരിപാടികൾക്കിടയിലും താൽക്കാലികമായി മുസ്ലിം വ്യാപിരകളടക്കമുള്ളവർ കച്ചവടം നടത്തിവരാറുണ്ട്. ഇതുകൂടി പൂർണമായി വിലക്കാനാണ് ഇപ്പോൾ നീക്കം നടക്കുന്നത്.

മുസ്ലിം വ്യാപാരികളെ ക്ഷേത്രപരിസരങ്ങളിൽനിന്ന് പൂർണമായി വിലക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ഹിന്ദു സംഘടനകൾ സർക്കാരിനെ സമീപിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് എവിടെയും ക്ഷേത്രപരിസരങ്ങളിൽ മുസ്ലിം വ്യാപാരികൾ കച്ചവടം നടത്തുന്നത് നിരോധിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ തീരുമാനം കൈക്കൊള്ളാൻ കർണാടക സർക്കാർ തഹസിൽദാർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം.

Summary: 'Defeat communal agenda, Don't fall for this communal propaganda and to not discriminate based on religion'- Jamiat Ulama appeals against counter-boycott of non-Muslim traders

Similar Posts