India
Stalin vs Nirmala Sitharaman

എം.കെ സ്റ്റാലിന്‍/നിര്‍മല സീതാരാമന്‍

India

ജനങ്ങളെ അപമാനിച്ചാല്‍ ബി.ജെ.പിയുടെ പരാജയം സുനിശ്ചിതം; നിര്‍മല സീതാരാമനെ വിമര്‍ശിച്ച് സ്റ്റാലിന്‍

Web Desk
|
26 March 2024 6:00 AM GMT

തമിഴ്‌നാട് സർക്കാർ കേന്ദ്രസർക്കാരിനെതിരെ സുപ്രിം കോടതിയെ സമീപിക്കുമെന്നും സ്റ്റാലിന്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പറഞ്ഞു

ചെന്നൈ: പ്രളയബാധിത കുടുംബങ്ങൾക്കുള്ള ധനസഹായം സംബന്ധിച്ച ധനമന്ത്രി നിർമല സീതാരാമൻ നടത്തിയ പരാമർശത്തിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. മന്ത്രി ജനങ്ങളെ അപമാനിച്ചെന്നും വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പരാജയം സുനിശ്ചിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തെ പ്രളയബാധിത കുടുംബങ്ങൾക്ക് മതിയായ ഫണ്ട് നൽകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി തമിഴ്‌നാട് സർക്കാർ കേന്ദ്രസർക്കാരിനെതിരെ സുപ്രിം കോടതിയെ സമീപിക്കുമെന്നും സ്റ്റാലിന്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പറഞ്ഞു. “ധനമന്ത്രി ഞങ്ങൾക്ക് ദുരിതാശ്വാസ ഫണ്ടുകളൊന്നും നൽകുന്നില്ല, സംസ്ഥാന സർക്കാർ ദുരിതബാധിതർക്ക് ധനസഹായം നൽകുമ്പോൾ, നിർമല സീതാരാമൻ അതിനെ ‘ഭിക്ഷ’ എന്നാണ് വിശേഷിപ്പിക്കുന്നത്. അത് ജനങ്ങളുടെ അവകാശമാണ്. ജനാധിപത്യത്തിൽ നിങ്ങൾ ജനങ്ങളെ അപമാനിക്കുമ്പോൾ, അപ്പോൾ നിങ്ങളുടെ തോൽവി എഴുതപ്പെട്ടിരിക്കുന്നു," അദ്ദേഹം പറഞ്ഞു. "എന്തുകൊണ്ട് നിങ്ങൾ ആളുകളെ കാണാൻ വരുന്നില്ല? അവർ നിങ്ങൾക്ക് ഉത്തരം നൽകും. അതിനുശേഷം, ഭിക്ഷ എന്ന വാക്ക് പോലും നിങ്ങൾ ഓർക്കില്ല''സ്റ്റാലിന്‍ തുടര്‍ന്നുപറഞ്ഞു.

തമിഴ്‌നാടിൻ്റെ ക്ഷേമ ആവശ്യങ്ങൾ ബി.ജെ.പി അവഗണിക്കുകയാണെന്ന് സ്റ്റാലിൻ കുറ്റപ്പെടുത്തി."ഒരു കേന്ദ്രമന്ത്രി തമിഴ് ജനതയെ യാചകരെന്ന് വിളിക്കുമ്പോൾ മറ്റൊരു കേന്ദ്രമന്ത്രി തമിഴരെ തീവ്രവാദികളായി ചിത്രീകരിക്കുന്നു. എന്തുകൊണ്ടാണ് അവർക്ക് തമിഴ്നാടിനോട് ഇത്ര ദേഷ്യവും വെറുപ്പും?" അദ്ദേഹം ചോദിച്ചു.“ക്ഷേമപദ്ധതികൾ നടപ്പാക്കുന്നത് പൊതുപണം കൊണ്ടാണ്. ജനങ്ങൾക്ക് ആവശ്യമുള്ളപ്പോൾ സർക്കാർ അവരെ സഹായിക്കണം. മറ്റൊരു ബി.ജെ.പി മന്ത്രി ശോഭ കരന്തലജെ തമിഴരെ ഭീകരർ എന്ന് വിളിച്ചു. അവർ വിദ്വേഷത്തിൻ്റെ വിത്ത് പാകുകയാണ്'' സ്റ്റാലിന്‍ പറഞ്ഞു. ബി.ജെ.പിക്ക് വോട്ട് ചെയ്യുന്നത് തമിഴ്‌നാടിൻ്റെ വികസനത്തിനെതിരായ വോട്ടാണെന്നും കോൺഗ്രസ് സ്ഥാനാർത്ഥികളെ പരിചയപ്പെടുത്തുന്നതിനായി നാങ്കുനേരിയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ഏപ്രില്‍ 19നാണ് തമിഴ്നാട്ടിലെ 39 ലോക്സഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്.

Similar Posts