ഡൽഹി എയിംസിലെ സെർവർ ഹാക്കിങ്: ആശുപത്രിയുടെ പ്രവര്‍ത്തനം താളംതെറ്റി
|പ്രമുഖരുടെ രോഗവിവരങ്ങളും വിവിധ പഠന റിപ്പോട്ടുകളും ലാബ് റിസൾട്ടുകളും അടങ്ങിയ സെർവറാണ് ഹാക്ക് ചെയ്തത്.
ഡൽഹി എയിംസിലെ സെർവർ ഹാക്കിങ്ങിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. നഷ്ടമായ ഡാറ്റ തിരിച്ചെടുക്കാനുള്ള ശ്രമം സൈബർ വിദഗ്ധർ ആരംഭിച്ചു. ആശുപത്രിയുടെ ഒപി, ഐപി, എമർജൻസി വിഭാഗങ്ങളിലെ പ്രവർത്തനങ്ങളെല്ലാം താളം തെറ്റിയിരിക്കുകയാണ്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങി പ്രമുഖരുടെ രോഗവിവരങ്ങളും വിവിധ പഠന റിപ്പോട്ടുകളും ലാബ് റിസൾട്ടുകളും അടങ്ങിയ സെർവറാണ് ഹാക്ക് ചെയ്തത്. കോവിഷീൽഡ്, കോവാക്സിൻ തുടങ്ങിയവയുടെ ട്രയൽ വിവരങ്ങൾ, ആരോഗ്യ സുരക്ഷാ പഠനങ്ങൾ, എച്ച്.ഐ.വി ബാധിച്ചവരുടെ വിവരങ്ങൾ, പീഡന കേസുകളിലെ ഇരകളുടെ വൈദ്യപരിശോധനാ ഫലങ്ങൾ തുടങ്ങിയവ ഇതിൽ പെടും.
ഡാറ്റ തിരിച്ചെടുത്താൽത്തന്നെ റാൻസംവെയർ ആക്രമണമായതിനാൽ ഡാറ്റയില്‍ പകുതിയിലധികവും നഷ്ടമാകുമെന്നാണ് വിവരം. ദ ഇന്ത്യ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമും ഡൽഹി പൊലീസും റോയും ആക്രമണത്തിൽ അന്വേഷണം നടത്തുന്നുണ്ട്. ആശുപത്രിയുടെ ഒപി പ്രവർത്തനമടക്കം താളംതെറ്റി. മാനുവൽ രീതിയിലാണ് ഇപ്പോള്‍ പ്രവർത്തനം. സെർവർ ഹാക്ക് ചെയ്ത സംഘം 200 കോടി രൂപയുടെ ക്രിപ്റ്റോകറൻസി ആവശ്യപ്പെട്ടെന്ന റിപ്പോര്‍ട്ട് പൊലീസ് നിഷേധിച്ചു.