India
ഡൽഹിയിൽ വായു മലിനീകരണ തോത് ഉയരുന്നു
India

ഡൽഹിയിൽ വായു മലിനീകരണ തോത് ഉയരുന്നു

Web Desk
|
4 Nov 2021 6:06 AM GMT

വായുവിന്‍റെ ഗുണനിലവാര സൂചിക ഏറെ താഴ്ന്നതായി കേന്ദ്ര മലിനീകരണ ബോര്‍ഡ് അറിയിച്ചു.

ഡൽഹിയിൽ വായു മലിനീകരണ തോത് ഉയരുന്നു. വായുവിന്‍റെ ഗുണനിലവാര സൂചിക ഏറെ താഴ്ന്നതായി കേന്ദ്ര മലിനീകരണ ബോര്‍ഡ് അറിയിച്ചു. ഡൽഹിയുടെ സമീപ പ്രദേശങ്ങളിലും വായു മലിനീകരണം കൂടിയിട്ടുണ്ട്.നിലവിൽ ഡെല്‍ഹിയില്‍ വായുമലിനീകരണത്തിന്‍റെ തോത് 334 ആണ്. കഴിഞ്ഞ ദിവസം ഇത് 314 ആയിരുന്നു. ഈ വർഷം ആദ്യമായാണ് രാജ്യതലസ്ഥാനത്ത് വായുവിന്‍റെ ഗുണനിലവാര സൂചിക 300 കടക്കുന്നത്.

ഇനിയും കൂടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. പടക്കങ്ങൾ പൊട്ടിക്കുന്നതിന് നിയന്ത്രണമുണ്ടെങ്കിലും വാഹനങ്ങളിൽ നിന്നുള്ള പുകയും വൈക്കോൽ കത്തിക്കുന്നതും അന്തരീക്ഷ മലിനീകരണം കൂട്ടുമെന്നാണ് മുന്നറിയിപ്പ്.ഡല്‍ഹിയില്‍ അന്തരീക്ഷം മൂടിയ നിലയിലാണിപ്പോള്‍ . ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിക്കലിന് കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൊയ്ത്തു കഴിഞ്ഞ ശേഷം കര്‍ഷകര്‍ വൈക്കോല്‍ കത്തിക്കുന്ന സമയത്താണ് ഡല്‍ഹിയില്‍ ഇത്രയധികം മലിനീകരണമുണ്ടാവാറുള്ളത്.

തണുപ്പുകാലം ആരംഭിച്ചതോടെ നഗരത്തിൽ കാഴ്ചയുടെ ദൂരപരിധി കുറഞ്ഞതായും രണ്ട് ദിവസത്തിനുള്ളിൽ കാറ്റിന്‍റെ വേഗത കൂടുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.ഗാസിയാബാദ്, നോയിഡ, ഫരീദാബാദ്, ഗുഡ്ഗാവ് തുടങ്ങിയ നഗരങ്ങളിലും വായുവിന്‍റെ ഗുണനിലവാര സൂചിക വളരെ താഴ്ന്ന നിലയിലാണ് .വായുഗുണനിലവാര സൂചിക 400ന് മുകളിലെത്തിയാൽ സ്ഥിതി അതീവഗുരുതരമാകും.

Similar Posts