India
ഡൽഹിയിൽ 46 വർഷത്തിനിടയിലെ റെക്കോർഡ്​ മഴ; വിമാനത്താവളം വെള്ളത്തിൽ- വിഡിയോ
India

ഡൽഹിയിൽ 46 വർഷത്തിനിടയിലെ റെക്കോർഡ്​ മഴ; വിമാനത്താവളം വെള്ളത്തിൽ- വിഡിയോ

Web Desk
|
11 Sep 2021 2:27 PM GMT

1100 മില്ലിമീറ്റർ മഴ ഈ മൺസൂൺ കാലത്ത്​ ലഭിച്ചുകഴിഞ്ഞു, ഇത്രയുമധികം മഴ ഇതിന്​ മുമ്പ്​ ലഭിക്കുന്നത്​ 1975ലാണ്

ഡൽഹിയിൽ 46 വർഷത്തിനിടയിലെ റെക്കോർഡ്​ മഴ. ഇന്ദിരാഗാന്ധി വിമാനത്താവളത്തിന്‍റെ ടെർമിനലിലും റൺവേയിലും വെള്ളം കയറി. നിരവധി വിമാനങ്ങൾ വൈകുകയും വഴിതിരിച്ച്​ വിടുകയും ചെയ്​തു. റോഡുകളിലും വെള്ളം നിറഞ്ഞതോടെ ഗാതാഗതക്കുരുക്ക്​ രൂക്ഷമായി.

കനത്ത മഴയെതുടർന്ന് ഡൽഹിയിൽ ഓറഞ്ച്​ അലർട്ട്​ പ്രഖ്യാപിച്ചു. ​വെള്ളിയാഴ്ചയോടെ 1100 മില്ലിമീറ്റർ മഴ ഈ മൺസൂൺ കാലത്ത്​ ലഭിച്ചുകഴിഞ്ഞു. ഇത്രയുമധികം മഴ ഇതിന്​ മുമ്പ്​ ലഭിക്കുന്നത്​ 1975ലാണ്​. അന്ന്​ 1150 മില്ലിമീറ്ററാണ്​ ലഭിച്ചത്​. സാധാരണഗതിയിൽ മൺസൂൺ കാലത്ത്​ ശരാശരി 648.9 മില്ലിമീറ്റർ മഴയാണ്​ രേഖപ്പെടുത്താറ്​.

വിമാനത്താവളത്തിൽ വെള്ളം കയറിയതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു​. നിരവധി വിമാനസർവിസുകളെയാണ്​ മഴ പ്രതികൂലമായി ബാധിച്ചത്​. ഇൻഡിഗോ, സ്‌പൈസ് ജെറ്റ് തുടങ്ങിയ വിമാനക്കമ്പനികൾ തങ്ങളുടെ സർവിസുകൾ റീഷെഡ്യൂൾ ചെയ്​തതായി അറിയിച്ചു. യാത്രക്കാരോട്​ വിമാനങ്ങളുടെ തൽസ്​ഥിതി പരിശോധിക്കാനും നിർദേശം നൽകി. ജയ്​പുർ, അഹമ്മദാബാദ്​ എന്നിവിടങ്ങളിലേക്കാണ്​ വിമാനങ്ങൾ വഴിതിരിച്ച്​ വിട്ടത്​.

അതേസമയം, വിമാനത്താവള ടെർമിനലിൽ വെള്ളം കയറിയത്​ നീക്കിയെന്ന്​ അധികൃതർ അറിയിച്ചു. ഡൽഹിയിലും സമീപ പ്രദേശങ്ങളിലും ഇടിമിന്നലോടുകൂടിയ ശക്തമായ മഴക്ക്​ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.

Similar Posts