സ്വിമ്മിംഗ് പൂളല്ല; ഇത് ഡല്‍ഹി വിമാനത്താവളം, പെരുമഴയില്‍ തകര്‍ന്ന് തലസ്ഥാനം
|റോഡ് - റെയില്‍ ഗതാഗതങ്ങൾ തടസപ്പെട്ടു
നിര്‍ത്താതെ പെയ്യുന്ന പെരുമഴയില്‍ സ്തംഭിച്ച് രാജ്യതലസ്ഥാനം. റോഡുകള്‍ തോടുകള്‍ പോലെ നിറഞ്ഞൊഴുകി കൊണ്ടിരിക്കുകയാണ്. റോഡ് - റെയില്‍ ഗതാഗതങ്ങൾ തടസപ്പെട്ടു. ഡൽഹി വിമാനത്താവള ടെർമിനലുകളിൽ വെള്ളം കയറി. കഴിഞ്ഞ 14 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന മഴയാണ് ഡൽഹിയില്‍ പെയ്യുന്നത്.
#WATCH : Waterlogged @DelhiAirport 🌧 pic.twitter.com/ioBvKoTz9Y
— Ashoke Raj (@Ashoke_Raj) September 11, 2021
പുലർച്ചെയോടെ ആരംഭിച്ച ശക്തമായ മഴയിൽ പ്രധാന റോഡുകൾ വെള്ളത്തിനടിയിലായി. വെള്ളം കയറിയതിനെ തുടർന്ന് പൊലീസ് റോഡുകൾ അടക്കുകയും ഗതാഗത കുരുക്ക് രൂക്ഷമാകുകയും ചെയ്തു. താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് വെള്ളം പമ്പ് ചെയ്ത് നീക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കാലപ്പഴക്കമുള്ള കെട്ടിടങ്ങളില്‍ താമസിക്കുന്നവരോട് മാറിത്താമസിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്കി. മഴ ശക്തമായി തുടരുമെന്നാണ് കാലാസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മുട്ടൊപ്പമാണ് വെള്ളം കയറിയിരിക്കുന്നത്. ഒറ്റ നോട്ടത്തില്‍ നീന്തല്ക്കുളമാണെന്നേ തോന്നൂ. മോശം കാലാവസ്ഥയെ തുടര്‍ന്ന് വിമാനത്താവളത്തിൽ നിന്ന് അഞ്ച് വിമാനങ്ങൾ വഴിതിരിച്ചുവിട്ടതായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. എന്നാല്‍ ഇപ്പോള്‍ വെള്ളം വറ്റിച്ചുവെന്നും സ്ഥിതി ശാന്തമാണെന്നും അധികൃതര്‍ വ്യക്തമാക്കി. ''പെട്ടെന്നുണ്ടായ കനത്ത മഴയെ തുടർന്ന്, ചെറിയ സമയത്തേക്ക്, വിമാനത്താവളത്തിന്റെ മുൻഭാഗത്ത് വെള്ളക്കെട്ട് ഉണ്ടായിരുന്നു. ഞങ്ങളുടെ ടീം ഉടനടി അതു പരിശോധിക്കുകയും പ്രശ്നം പരിഹരിക്കുകയും ചെയ്തു'' ഡല്‍ഹി എയര്‍പോര്‍ട്ടിന്റെ ട്വീറ്റില്‍ പറയുന്നു.
Dear Sir, We regret the inconvenience caused. Due to sudden heavy rain, for a short period, there was waterlogging at the forecourt. Our team was immediately aligned to look into it and the issue has been resolved. pic.twitter.com/FiRO1DbbCB
— Delhi Airport (@DelhiAirport) September 11, 2021
സഫ്ദർജംഗ് നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കനുസരിച്ച്, വെള്ളിയാഴ്ച രാവിലെ 8.30 നും ശനിയാഴ്ച രാവിലെ 8.30 നും ഇടയിൽ ഡൽഹിയിൽ 94.7 മില്ലി മീറ്റർ മഴ രേഖപ്പെടുത്തി. തലസ്ഥാനത്തിന്റെ ചില ഭാഗങ്ങളിലും സമീപ പ്രദേശങ്ങളിലും വെള്ളിയാഴ്ച വൈകുന്നേരവും കനത്ത മഴ ലഭിച്ചിരുന്നു.
#WATCH | Parts of Delhi Airport waterlogged following heavy rainfall in the national capital; visuals from Indira Gandhi International Airport (Terminal 3) pic.twitter.com/DIfUn8tMei
— ANI (@ANI) September 11, 2021
യുപിയിലും ഹരിയാനയിലും ശക്തമായ മഴ തുടരുകയാണ്. പല ഗ്രാമങ്ങളും വെള്ളത്തിലായി. പ്രധാന റോഡുകളിലടക്കം മണിക്കൂറുകളോളം ഗതാഗത തടസം ഉണ്ടായി. വെള്ളക്കെട്ടുകളെപ്പറ്റി വിവിധ സ്ഥലങ്ങളിൽ നിന്ന് പരാതികൾ വരുന്നുണ്ടെന്ന് പി.ഡബ്ല്യു.ഡി അറിയിച്ചു.