ഡൽഹി സർക്കാരിനെതിരെ യമുനയിൽ മുങ്ങി പ്രതിഷേധം; ചൊറിച്ചിൽ വന്ന് ബിജെപി അധ്യക്ഷൻ ആശുപത്രിയിൽ
|നദി വൃത്തിയാക്കുമെന്ന വാഗ്ദാനം ഡൽഹി സർക്കാർ പാലിച്ചില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
ന്യൂഡൽഹി: ആം ആദ്മി പാർട്ടി സർക്കാരിനെതിരെ യമുനാ നദിയിൽ മുങ്ങി പ്രതിഷേധിച്ച ഡൽഹി ബിജെപി നേതാവ് ആശുപത്രിയിൽ. മലിനമായ യമുന നദിയിൽ മുങ്ങിക്കുളിച്ച ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ച്‌ദേവയെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നദി വൃത്തിയാക്കുമെന്ന വാഗ്ദാനം ഡൽഹി സർക്കാർ പാലിച്ചില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
വ്യാഴാഴ്ചയായിരുന്നു സച്ച്‌ദേവയുടെ പ്രതിഷേധം. കടുത്ത ചൊറിച്ചിലും ശ്വാസതടസവും അടക്കമുള്ള ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് നേതാവിനെ ഡൽഹി റാം മനോഹർ ലോഹ്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നദീ ശുചീകരണത്തിനായി അനുവദിച്ച ഫണ്ട് സർക്കാർ ദുരുപയോഗം ചെയ്തെന്നും ഈ അഴിമതിക്ക് മാപ്പ് ചോദിക്കാനാണ് അദ്ദേഹം വെള്ളത്തിൽ മുങ്ങിയതെന്നും പാർട്ടി പ്രസ്താവനയിൽ പറയുന്നു.
ബിജെപി അധ്യക്ഷന്റെ പ്രതിഷേധത്തെ നാടകമെന്ന് വിശേഷിപ്പിച്ച ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ്, ഉത്തർപ്രദേശിലെയും ഹരിയാനയിലേയും ബിജെപി സർക്കാരുകളാണ് യമുനയെ അസംസ്കൃത വ്യാവസായിക മലിനജലം ഉപയോഗിച്ച് മലിനമാക്കുന്നതെന്നും ആരോപിച്ചു.
യമുനയിൽ മുങ്ങാൻ മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ കഴിഞ്ഞദിവസം സച്ച്ദേവ വെല്ലുവിളിച്ചിരുന്നു. വലിയ മലിനീകരണ ഭീഷണി നേരിടുന്ന നദികളിലൊന്നാണ് യമുന. കാലാവസ്ഥ വ്യതിയാനത്തിന് പിന്നാലെ യമുന നദിയില്‍ കട്ടിയുള്ള വിഷപ്പതയും രൂപപ്പെട്ടിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അപകടകരമായ രാസവസ്തുക്കൾ അടങ്ങിയ ഈ പത ശ്വാസകോശ- ചർമരോഗങ്ങൾ ഉൾപ്പെടെ കാര്യമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവുന്നതാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
വിഷലിപ്തമായ യമുനാ നദിയുടെ അവസ്ഥ കണക്കിലെടുത്ത് ഡൽഹി സർക്കാർ കർമപദ്ധതി രൂപീകരിച്ചിരുന്നു. 13 ഏകോപന സമിതികൾ രൂപീകരിച്ച്, ഡൽഹിയിലെ 13 ഹോട്ട്സ്പോട്ട് ലൊക്കേഷനുകള്‍ കേന്ദ്രീകരിച്ചാണ് പദ്ധതി തയാറാക്കിയിരിക്കുന്നതെന്ന് മന്ത്രി ഗോപാൽ റായ് പറഞ്ഞിരുന്നു. ഓരോ ഹോട്ട്സ്പോട്ടിലേക്കും ഡിപിസിസിയിൽ നിന്നുള്ള എൻജിനീയർമാരെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചിരുന്നു. മലിനീകരണം കുറയ്ക്കുന്നതിന് ഹോട്ട്സ്പോട്ട് ഏരിയകളിൽ 80 മൊബൈൽ ആന്റി സ്‌മോഗ് ഗണ്ണുകളും വിന്യസിച്ചിട്ടുണ്ട്.