മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ സി.ബി.ഐ അറസ്റ്റ് ചെയ്തെന്ന് സൂചന
|ഇ.ഡി രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ ജാമ്യാപേക്ഷ നാളെ സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സി.ബി.ഐയുടെ നീക്കം
ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസിൽ അരവിന്ദ് കെജ്രിവാളിനെ സി.ബി.ഐ അറസ്റ്റ് ചെയ്തെന്ന് സൂചന. സി.ബി.ഐ സംഘം തീഹാർ ജയിലിൽ എത്തി കെജ്രിവാളിന്റെ മൊഴി രേഖപ്പെടുത്തി.
ഇ.ഡി രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ ജാമ്യാപേക്ഷ നാളെ സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സി.ബി.ഐയുടെ നീക്കം.
കെജ്രിവാളിനെ സി.ബി.ഐ നാളെ കോടതിയിൽ ഹാജരാക്കും. തുടർന്ന് കസ്റ്റഡി അപേക്ഷയും സമർപ്പിക്കുമെന്നാണ് വിവരം. മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജയിലിൽ കഴിയുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം അനുവദിക്കാനാവില്ലെന്ന് ഡൽഹി ഹൈകോടതി വ്യക്തമാക്കിയിരുന്നു.
വിചാരണ കോടതി നൽകിയ ജാമ്യം ഹൈകോടതി തടയുകയും ചെയ്തിരുന്നു. ഇ.ഡിയുടെ വാദം ശരിവെച്ച ഹൈകോടതി, വിചാരണ കോടതിയുടെ നിരീക്ഷണങ്ങൾ ശരിയല്ലെന്ന് വ്യക്തമാക്കിയാണ് ഉത്തരവ് സ്റ്റേ ചെയ്തത്. അതേസമയം ബി.ജെ.പിയും സി.ബി.ഐയും ഗൂഢാലോചന നടത്തിയെന്നാണ് ആം ആദ്മി പാർട്ടി ആരോപിക്കുന്നത്. സുപ്രീംകോടതിയില്‍ നിന്ന് ജാമ്യം ലഭിക്കുമെന്ന് ഉറപ്പുള്ളതിനാലാണ് സിബിഐയെക്കൊണ്ട് അറസ്റ്റ് ചെയ്യിപ്പിക്കാനൊരുങ്ങുന്നത് എന്നാണ് എഎപി എംപി സഞ്ജയ് സിങ് ആരോപിക്കുന്നത്.