India
Delhi Chief Minister Arvind Kejriwal Will Resign Tomorrow
India

അരവിന്ദ് കെജ്‍രിവാളിന്റെ രാജി നാളെ; ലഫ്. ഗവർണറുമായി കൂടിക്കാഴ്ചയ്ക്ക് സമയം ലഭിച്ചു

Web Desk
|
16 Sep 2024 12:09 PM GMT

ആം ആദ്മി പാർട്ടി എംഎൽഎമാരുടെ നിയമസഭാകക്ഷി യോഗം നാളെ രാവിലെ 11ന് ചേരും. പുതിയ മുഖ്യമന്ത്രിയെ യോഗത്തിൽ തീരുമാനിക്കും.

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ നാളെ രാജിവയ്ക്കും. ഡൽഹി ലെഫ്റ്റനന്റ് ഗവർണറുമായി കൂടിക്കാഴ്ചയ്ക്ക് സമയം ലഭിച്ചു. നാളെ വൈകുന്നേരം 4.30നാണ് കൂടിക്കാഴ്ച. ഇതിനു ശേഷമായിരിക്കും രാജിയെന്ന് ആം ആദ്മി നേതാക്കൾ അറിയിച്ചു.

കെജ്‍രിവാൾ നാളെ രാജിവയ്ക്കുമെന്നും മറ്റു നടപടിക്രമങ്ങൾ ഒരാഴ്ചയ്ക്കകം പൂർത്തിയാക്കുമെന്നും ഡൽഹി മന്ത്രി സൗരഭ് ഭരദ്വാജ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. കെജ്‍രിവാൾ സ്ഥാനമൊഴിയുമ്പോൾ ഇനിയാരായിരിക്കും മുഖ്യമന്ത്രിയെന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. ഇക്കാര്യവുമായി ബന്ധപ്പെട്ട ചർച്ചകൾ തുടരുകയാണ്.

ആം ആദ്മി പാർട്ടി എംഎൽഎമാരുടെ നിയമസഭാകക്ഷി യോഗം നാളെ രാവിലെ 11ന് ചേരും. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിയിലാകും യോഗം. പുതിയ മുഖ്യമന്ത്രിയെ യോഗത്തിൽ തീരുമാനിക്കും. തുടർന്ന് എംഎൽഎമാരുടെ പിന്തുണക്കത്ത് ലഫ്. ഗവർണർക്ക്‌ നൽകും.

മന്ത്രിമാരായ അതിഷി മർലേന, സൗരഭ് ഭരദ്വാജ്, ഗോപാൽ റായ്, കൈലാഷ് ഗെഹ്‌ലോട്ട്, രാജ്യസഭാംഗം രാഘവ് ചദ്ധ എന്നീ പേരുകളാണ് പരിഗണനയിലുള്ളത്. കെജ്‍രിവാളിന്റെ ഭാര്യ സുനിത കെജ്‍രിവാളിന്റെ പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്ന് കേൾക്കുന്നു. അതിഷിയോ സുനിതയോ വന്നാൽ സുഷമ സ്വരാജിനും ഷീലാ ദീക്ഷിത്തിനും ശേഷം ഡൽഹി മുഖ്യമന്ത്രി പദത്തിൽ എത്തുന്ന മൂന്നാമത്തെ വനിതയാകും.

അതേസമയം, വിശദമായ ചർച്ചകൾക്കായി ആം ആദ്മി പാർട്ടി രാഷ്ട്രീയകാര്യസമിതി യോഗം ചേർന്നു. മുഖ്യമന്ത്രിയുടെ വസതിയിലായിരുന്നു യോഗം. കെജ്‍രിവാളിന്റെ രാജി പ്രഖ്യാപനത്തിൽ പ്രതിപക്ഷത്തുനിന്ന് വിമർശനം ശക്തമാണ്. ഡൽഹി മദ്യനയക്കേസിൽ അഞ്ച് മാസം ജയിലിൽ കഴിഞ്ഞപ്പോൾ പ്രഖ്യാപിക്കാത്ത രാജി സ്ഥിരം ജാമ്യം ലഭിച്ച ശേഷം എന്തിന് എന്നാണ് ഉയരുന്ന ചോദ്യം. രാജി തീരുമാനത്തിനെതിരെ കോൺ​ഗ്രസും ബിജെപിയും പരിഹാസവുമായി രം​ഗത്തെത്തുകയും ചെയ്തിരുന്നു.

മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് സെപ്തംബർ 13നാണ് സുപ്രിംകോടതി ജാമ്യം അനുവദിച്ചത്. തുടർന്ന് ശനിയാഴ്ച ജയിൽമോചിതനായതിനു പിന്നാലെയാണ് കെജ്‌രിവാൾ അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയത്. രണ്ടു ദിവസത്തിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുമെന്നായിരുന്നു അരവിന്ദ് കെജ്‍രിവാളിന്റെ പ്രഖ്യാപനം. ഡൽഹിയിലെ പാർട്ടി ഓഫീസിൽ വച്ചായിരുന്നു പ്രഖ്യാപനം.

ഇനിയെന്ത് വേണമെന്ന് രാജ്യത്തെ ജനങ്ങൾ തീരുമാനിക്കട്ടെയെന്നു പറഞ്ഞ അദ്ദേഹം, മഹാരാഷ്ട്രയ്‌ക്കൊപ്പം ഡൽഹി തെരഞ്ഞെടുപ്പും നവംബറിൽ നടത്തണമെന്നും ആവശ്യപ്പെട്ടു. താൻ സത്യസന്ധനാണെന്ന് നിങ്ങൾക്ക് തോന്നുന്നെങ്കിൽ നിങ്ങൾ വോട്ട് ചെയ്യൂ. തെരഞ്ഞെടുപ്പ് നടക്കുന്നതുവരെ തനിക്ക് പകരം ആം ആദ്മി പാർട്ടിയിൽ നിന്ന് മറ്റൊരാൾ മുഖ്യമന്ത്രിയാകും. രണ്ട് ദിവസത്തിനകം നിയമസഭാകക്ഷി യോഗം ചേരും. അതിൽ മുഖ്യമന്ത്രിയുടെ പേര് തീരുമാനിക്കുമെന്നും കെജ്‍രിവാൾ പറഞ്ഞിരുന്നു. അടുത്ത വർഷം ഫെബ്രുവരിയിലാണ് ഡൽഹിയിലെ നിയമസഭാ തെരഞ്ഞെടുപ്പ്. അത് നേരത്തെ ആക്കണമെന്നാണ് എഎപി ആവശ്യം.

Similar Posts