കെജ്രിവാളിനെ ഇ.ഡി ഇന്ന് വിശദമായി ചോദ്യം ചെയ്യും; അറസ്റ്റിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ ആം ആദ്മി
|ഈ മാസം 28 വരെയാണ് കെജ്രിവാളിനെ ഇ.ഡി കസ്റ്റഡിയിൽ വിട്ടത്
ഡല്‍ഹി: മദ്യനയ അഴിമതിക്കേസിൽ കസ്റ്റഡിയിലുള്ള ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇ.ഡി ഇന്ന് വിശദമായി ചോദ്യം ചെയ്യും. ഈ മാസം 28 വരെയാണ് കെജ്രിവാളിനെ ഇ.ഡി കസ്റ്റഡിയിൽ വിട്ടത്. കെജ്രിവാളിനെതിരായ നടപടിയിൽ പ്രതിഷേധം ശക്തമാക്കാൻ ആണ് ആം ആദ്മി പാർട്ടിയുടെ തീരുമാനം.
അന്വേഷണത്തിൽ നിർണായക വിവരങ്ങൾ ലഭിക്കാൻ കെജ്രിവാളിനെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് ഇ.ഡി നിലപാട്. മദ്യനയ അഴിമതിയിൽ അറസ്റ്റിലായ ബി.ആര്.എസ് നേതാവ് കെ.കവിതയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. റോസ് അവന്യു കോടതിയിൽ ഹാജരാക്കുന്ന കവിതയെ ഇഡി വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകും. കവിതയെയും അരവിന്ദ് കെജ്രിവാളിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനാണ് ഇ.ഡി നീക്കം. അതേസമയം കെജ്രിവാളിനെതിരായ നടപടിയിൽ പ്രതിഷേധം ശക്തമാക്കാൻ ആണ് ആം ആദ്മി പാർട്ടിയുടെ തീരുമാനം.
ITOയിലെ ഷഹീദി പാർക്കിൽ ഇന്ന് ആം ആദ്മി പാർട്ടി പ്രതിഷേധം സംഘടിപ്പിക്കും. ഇൻഡ്യ സഖ്യ നേതാക്കളും പ്രതിഷേധത്തിന് എത്തുമെന്ന് ആം ആദ്മി പാർട്ടി അറിയിച്ചു.