India
Delhi coaching centre deaths
India

വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ച സംഭവം; കർശന നടപടിയുമായി ഡൽഹി സർക്കാർ

Web Desk
|
29 July 2024 1:20 AM GMT

ബേസ്‍മെന്‍റില്‍ പ്രവർത്തിക്കുന്ന എട്ടു കോച്ചിംഗ് സെന്‍ററുകൾ കണ്ടെത്തുകയും മൂന്നെണ്ണം സീൽ ചെയ്യുകയും ചെയ്തു

ഡല്‍ഹി: റാവൂസ് സിവിൽ സർവീസ് കോച്ചിങ് സെന്‍ററില്‍ വിദ്യാർഥികൾ മുങ്ങിമരിച്ചതിന് പിന്നാലെ കർശന നടപടിയുമായി ഡൽഹി സർക്കാർ. ബേസ്‍മെന്‍റില്‍ പ്രവർത്തിക്കുന്ന എട്ടു കോച്ചിംഗ് സെന്‍ററുകൾ കണ്ടെത്തുകയും മൂന്നെണ്ണം സീൽ ചെയ്യുകയും ചെയ്തു. മരിച്ച വിദ്യാർഥികളുടെ കുടുംബത്തിന് സർക്കാർ നഷ്ടപരിഹാരം നൽകുമെന്നും എം.സി.ഡി അഡീഷണൽ കമ്മീഷണർ താരിഖ് തോമസ് പറഞ്ഞു. മലയാളി വിദ്യാർഥി നവീൻ ഡാൽവിന്‍റെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും.

ഡൽഹി രാജീന്ദ്ര നഗറിലെ റാവൂസ് സിവിൽ സർവീസ് കോച്ചിങ് സെന്‍ററിന്‍റെ ബേസ്മെന്‍റില്‍ വെള്ളം കയറി മലയാളി വിദ്യാർഥി ഉൾപ്പടെ മൂന്ന് പേർ മരിച്ചത്തിനു പിന്നാലെ വലിയ പ്രതിഷേധമുയർന്നതിനെ തുടർന്നാണ് ഡൽഹിയിൽ പ്രവർത്തിക്കുന്ന കോച്ചിംഗ് സെന്‍ററുകളിൽ സർക്കാർ പരിശോധന നടത്തിയത്. സെന്‍റുകളുടെ ബേസ്‌മെന്‍റില്‍ പാർക്കിങ്ങിനും സാധനങ്ങൾ സൂക്ഷിക്കുന്നതിനും മാത്രമേ സർക്കാർ അനുമതി നൽകിയിട്ടുള്ളൂ. ഇതു മറികടന്ന് ലൈബ്രറിയും ക്ലാസ് മുറികളും പ്രവർത്തിപ്പിച്ചവർക്കെതിരെയാണ് നടപടി. ഇന്ന് കൂടുതൽ സെന്ററുകളിൽ പരിശോധന ഉണ്ടാകുമെന്നും സർക്കാർ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും എം.സി.ഡി അഡീഷണൽ കമ്മീഷണർ താരിഖ് തോമസ് പറയുന്നു.

കേസിൽ അറസ്റ്റിലായ കോച്ചിംഗ് സെന്‍റര്‍ ഉടമയെയും കോര്‍ഡിനേറ്ററെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മരണത്തിൽ ഉത്തരവാദികളായവർക്കെതിരെ കർശനം നടപടി ആവശ്യപ്പെട്ട് വിദ്യാർഥികളുടെ പ്രതിഷേധം രാത്രിയും തുടർന്നു. റോഡിൽ മെഴുകുതിരി കത്തിച്ച് നിരവധി പേർ പ്രതിഷേധിച്ചു. മരണപ്പെട്ട മലയാളി വിദ്യാർഥി നവീൻ ഡാൽവിന്‍റെ പോസ്റ്റ്മോർട്ടം ഇന്ന് രാവിലെ 10 മണിക്ക് നടക്കും. രാത്രിയോടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിക്കും.തിരുവനന്തപുരം തച്ചോട്ട്കാവ് പള്ളിയിലാണ് സംസ്കാരം .

Similar Posts