ഡൽഹി കോർപ്പറേഷന്റെ കയ്യേറ്റം ഒഴിപ്പിക്കൽ തുടരുന്നു; സ്വമേധയാ കടകൾ ഒഴിഞ്ഞ് വ്യാപാരികൾ
|രണ്ടാം ദിനം ഒഴിപ്പിക്കൽ നടക്കുന്നത് കാളിന്ദി കുഞ്ചിൽ
ഡൽഹി: സൗത്ത് ഡൽഹി കോർപ്പറേഷന് കീഴിലുള്ള അനധികൃത കയ്യേറ്റങ്ങൾ പൊളിക്കുന്നത് തുടരുന്നു. കാളിന്ദി കുഞ്ച് പാർക്ക് മുതൽ ജാമിയ നഗർ വരെയുള്ള കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ആണ് കോർപ്പറേഷൻ പദ്ധതി തയ്യാറാക്കിയിട്ടുള്ളത് . എന്നാൽ ബുൾഡോസറുകളുമായി കോർപ്പറേഷൻ അധികൃതർ എത്തും മുൻപ് തന്നെ വ്യാപാരികൾ കടകൾ പൊളിച്ച് നീക്കി സ്ഥലം ഒഴിഞ്ഞ് നൽകി.
ഇന്നലെ ആരംഭിച്ച കയ്യേറ്റ വിരുദ്ധ യജ്ഞവുമായി സൗത്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ മുന്നോട്ട് പോകുകയാണ്. റോഡരികിൽ കയ്യേറി നിർമിച്ച വ്യാപാര സഥാപനങ്ങൾ നീക്കം ചെയ്യും എന്നാണു അധികൃതർ അറിയിച്ചിരുന്നത്. അമ്പതിൽ താഴെ ചെറിയ കടകളാണ് റോഡരികിൽ ഉണ്ടായിരുന്നത്. ഇവയെല്ലാം തന്നെ വ്യാപാരികൾ നീക്കം ചെയ്തു. ഉന്തു വണ്ടികളിൽ ഉണ്ടായിരുന്ന കടകൾ സമീപത്തെ പോക്കറ്റ് റോഡുകളിലേക്ക് മാറ്റി.
മുൻപും ഇവിടങ്ങളിലെ കയ്യേറ്റങ്ങൾ കോർപ്പറേഷൻ എത്തി നീക്കം ചെയ്തിട്ടുണ്ടെങ്കിലും വ്യാപാരികൾ വീണ്ടും റോഡരികിൽ കടകൾ സ്ഥാപിക്കുകയായിരുന്നു. റോഡ് കയ്യേറി നിർമിച്ച കടകളുടെ മുൻഭാഗവും വ്യാപാരികൾ തന്നെ നീക്കം ചെയ്തിട്ടുണ്ട്. ഷാഹീൻബാഗ്, ലോധി എസ്റ്റേറ്റ് തുടങ്ങിയ പ്രദേശത്തെ കയ്യേറ്റങ്ങളും കോർപ്പറേഷൻ വരും ദിവസങ്ങളിൽ ഒഴിപ്പിക്കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ മാസം 13 വരെയാണ് സൗത്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ കയ്യേറ്റ വിരുദ്ധ യജ്ഞം നടത്തുന്നത്.