മനീഷ് സിസോദിയയ്ക്ക് തിരിച്ചടി; മദ്യനയ അഴിമതിക്കേസിൽ ജാമ്യാപേക്ഷ തള്ളി
|സിസോദിയയ്ക്കും കെജ്‌രിവാളിനുമടക്കം മദ്യനയ അഴിമതിക്കേസിൽ നിർണായക പങ്കുണ്ടെന്നാണ് ഇഡിയുടെ വാദം
ന്യൂഡൽഹി: ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ തള്ളി. ഡൽഹി റൗസ് അവെന്യൂ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഡൽഹി മദ്യനയ അഴിമതി കേസിൽ സിബിഐ, ഇ ഡി എടുത്ത കേസുകളിൽ ആണ് സിസോദിയ ജാമ്യം തേടിയത്.
സിസോദിയയ്ക്കും കെജ്‌രിവാളിനുമടക്കം മദ്യനയ അഴിമതിക്കേസിൽ നിർണായക പങ്കുണ്ടെന്നാണ് ഇഡിയുടെ വാദം. സിസോദിയയ്ക്ക് ജാമ്യം നൽകിയാൽ അത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന ഇഡിയുടെ ഭാഗം കണക്കിലെടുത്താണ് കോടതി ഇപ്പോൾ ജാമ്യാപേക്ഷ തള്ളിയിരിക്കുന്നത്.
ജസ്റ്റിസ് കാവേരി ബവേജ അധ്യക്ഷയായ പ്രത്യേക ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. വിചാരണക്കോടതിയുടെ നടപടിക്കെതിരെ ഡൽഹി ഹൈക്കോടതിയെ സമീപിക്കാനാണ് എഎപിയുടെ തീരുമാനം
നേരത്തേ സുപ്രിംകോടതിയും സിസോദിയയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് വിചാരണ കോടതിയിൽ സിസോദിയ ജാമ്യാപേക്ഷയുമായി എത്തിയത്. കഴിഞ്ഞ വർഷമാണ് ഡൽഹി മദ്യനയ അഴിമതിയിൽ പങ്കുണ്ടെന്ന് ആരോപിച്ച് സിസോദിയയ്‌ക്കെതിരെ കേസ് എടുക്കുന്നതും ജയിലിലാകുന്നതും. ഒന്നോ രണ്ടോ ദിവസം ഇടക്കാല ജാമ്യം നൽകിയതല്ലാതെ സ്ഥിരം ജാമ്യം കോടതി അനുവദിച്ചിരുന്നില്ല.