India
ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന് ജാമ്യം
India

ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന് ജാമ്യം

Web Desk
|
15 July 2022 9:30 AM GMT

യു.പിയിലെ കേസുകളിൽ ജുഡീഷ്യൽ കസ്റ്റഡിയിലായതിനാൽ സുബൈറിന് പുറത്തിറങ്ങാനാകില്ല

ന്യൂഡൽഹി: ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന് ജാമ്യം. 2018ലെ ട്വീറ്റുമായി ബന്ധപ്പെട്ട കേസിലാണ് സുബൈറിന് ഡൽഹി കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. അതേസമയം, യു.പിയിലെ കേസുകളിൽ ജുഡീഷ്യൽ കസ്റ്റഡിയിലായതിനാൽ അദ്ദേഹത്തിന് പുറത്തിറങ്ങാനാകില്ല.

2018ൽ ട്വിറ്ററിലിട്ട പോസ്റ്റ് മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന കേസിലാണ് പാട്യാല ഹൗസ് കോടതിയിലെ അഡിഷനൽ സെഷൻസ് ജഡ്ജി ദേവേന്ദർ കുമാർ ജംഗാലയാണ് സബൈറിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജാമ്യത്തുകയായി 50,000 രൂപ അടക്കണം, കോടതിയുടെ അനുമതിയില്ലാതെ രാജ്യംവിടരുത് തുടങ്ങിയ ഉപാധികളും കോടതി നിശ്ചയിച്ചിട്ടുണ്ട്.

കഴിഞ്ഞ ജൂൺ 27നാണ് ഡൽഹി പൊലീസ് സുബൈറിനെ അറസ്റ്റ് ചെയ്തത്. മതവികാരം വ്രണപ്പെടുത്തുന്ന രീതിയിൽ ട്വീറ്റ് ചെയ്‌തെന്നാരോപിച്ച് രണ്ട് കേസുകളിൽ സുബൈറിനെ ഹാത്രസ് കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്. നിലവിൽ കസ്റ്റഡിയിൽ തുടരുകയാണ് സുബൈർ. കേസിൽ നേരത്തെ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് ജാമ്യം നിഷേധിച്ചിരുന്നു. തുടർന്നാണ് സുബൈർ സെഷൻസ് കോടതിയെ സമീപിച്ചത്. മുഴുവൻ കേസുകളിലും ജാമ്യം ലഭിച്ചാൽ മാത്രമേ സുബൈറിന് ഇനി ജയിലിൽനിന്ന് ഇറങ്ങാനാവുകയുള്ളൂ.

അതിനിടെ, യു.പി പൊലീസ് രജിസ്റ്റർ ചെയ്ത ആറ് എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുബൈർ സുപ്രിംകോടതിയ സമീപിച്ചിരുന്നു. നിലവിൽ ആറു കേസുകളാണ് അദ്ദേഹത്തിനെതിരെയുള്ളത്. സീതാപൂർ, ലഖിംപൂർ ഖേരി, ഹാത്രസ്, ഗാസിയാബാദ്, മുസഫർനഗർ എന്നിവിടങ്ങളിലായി സുബൈറിനെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ അന്വേഷിക്കാനായി യു.പി പൊലീസ് കഴിഞ്ഞ ദിവസം പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. സീതാപൂരിൽ രജിസ്റ്റർ ചെയ്ത കേസിൽ സുപ്രിംകോടതി സുബൈറിന്റെ ഇടക്കാല ജാമ്യം സെപ്റ്റംബർ ഏഴുവരെ നീട്ടിയിരുന്നു.

വാർത്തകളുടെ വസ്തുത പരിശോധിക്കുന്ന സമാന്തര മാധ്യമസ്ഥാപനമായ ആൾട്ട് ന്യൂസിന്റെ സഹസ്ഥാപകനാണ് മുഹമ്മദ് സുബൈർ. ബി.ജെ.പി നേതാവ് നുപൂർ ശർമയുടെ പ്രവാചകനിന്ദാ പരാമർശം പുറത്തുകൊണ്ടുവന്നത് സുബൈറായിരുന്നു. അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംഘ്പരിവാർ അനുകൂലികൾ സോഷ്യൽ മീഡിയയിൽ വലിയ പ്രചാരണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിവിധ കേസുകളിൽ പ്രതിചേർത്ത് സുബൈറിനെ അറസ്റ്റ് ചെയ്തത്. ഓരോ കേസിൽ ജാമ്യം ലഭിക്കുമ്പോഴും പുതിയ കേസുകൾ രജിസ്റ്റർ ചെയ്യുകയാണ് യു.പി പൊലീസ്.

Summary: Delhi court grants bail to Mohammed Zubair in case for 2018 Tweet

Similar Posts