India
മുഹമ്മദ് സുബൈറിനെ നാലു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
India

മുഹമ്മദ് സുബൈറിനെ നാലു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

Web Desk
|
28 Jun 2022 1:21 PM GMT

ബോളിവുഡ് ചിത്രം 'കിസി സെ ന കെഹ്ന'യിൽനിന്നുള്ള സ്ക്രീന്‍ഷോട്ട് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു സുബൈറിനെതിരെ കേസെടുത്തത്

ന്യൂഡൽഹി: ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത 'ആൾട്ട് ന്യൂസ്' സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. സുബൈറിനെ ഡൽഹി കോടതി നാലു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ വിടണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം.

കഴിഞ്ഞ ദിവസമാണ് സുബൈറിനെ സമൂഹമാധ്യമത്തിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച ഡൽഹി കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു. തുടർന്ന് ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിടുകയായിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമം 153 (എ) പ്രകാരം മതവിഭാഗങ്ങൾക്കിടയിൽ ശത്രുതയുണ്ടാക്കിയെന്നും 295 (എ) പ്രകാരം മതവികാരം വ്രണപ്പെടുത്തിയെന്നും ആരോപിച്ചാണ് സുബൈറിനെതിരേ കേസെടുത്തിരിക്കുന്നത്.

ബോളിവുഡ് ചിത്രത്തിൽനിന്നുള്ള സ്‌ക്രീൻഷോട്ട് പങ്കുവച്ചു; മതവികാരം വ്രണപ്പെടുത്തിയെന്ന് കേസ്

1983ലെ ഒരു ബോളിവുഡ് ചിത്രത്തിൽനിന്നുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു കേസെടുത്തത്. തിങ്കളാഴ്ച രാത്രി വരെ വെറും മൂന്ന് ഫോളോവർമാർ മാത്രമുണ്ടായിരുന്ന ട്വിറ്റർ ഹാൻഡിലിൽനിന്നുള്ള പരാതിയിലാണ് നടപടി. ഹനുമാൻ ഭക്ത് എന്ന പേരിലുള്ള @balajikijaiin എന്ന ട്വിറ്റർ ഹാൻഡിൽ യൂസറുടെ പരാതിയിലാണ് നടപടിയെന്നാണ് പൊലീസിന്റെ എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നത്. 2018 മാർച്ചിൽ സുബൈർ പോസ്റ്റ് ചെയ്ത ഒരു ട്വീറ്റാണ് കേസിന് അടിസ്ഥാനമായി ചൂണ്ടിക്കാട്ടുന്നത്.

ഹൃതികേഷ് മുഖർജിയുടെ സംവിധാനത്തിൽ 1983ൽ പുറത്തിറങ്ങിയ 'കിസി സെ ന കെഹ്ന' എന്ന ചിത്രത്തിൽനിന്നുള്ള ഒരു ഭാഗത്തിന്റെ സ്‌ക്രീൻഷോട്ടായിരുന്നു കേസിനാസ്പദമായ ട്വീറ്റിൽ പങ്കുവച്ചിരുന്നത്. ഹനുമാൻ ഹോട്ടലെന്ന് പേരുമാറ്റപ്പെട്ട ഹണിമൂൺ ഹോട്ടലിന്റെ ചിത്രമാണ് മതവികാരം വ്രണപ്പെടുത്തുന്നതെന്ന് ആരോപിക്കുന്നത്. എന്നാൽ, വിവാദ സീനുകൾ നേരത്തെ സെൻസർ ചെയ്യപ്പെട്ടിട്ടില്ലെന്നു മാത്രമല്ല, ഇപ്പോഴും ചിത്രം പൂർണമായി യൂട്യൂബിൽ ലഭ്യമാണെന്നും മാധ്യമപ്രവർത്തകനായ ആരിഷ് ചബ്ര ചൂണ്ടിക്കാട്ടുന്നു. സെൻസർ ബോർഡിന്റെ പൂർണമായ അംഗീകാരം ലഭിച്ചതിനൊപ്പം ടെലിവിഷനുകളിൽ പലപ്പോഴും ആവർത്തിച്ച് കാണിക്കാറുള്ള ചിത്രങ്ങളിൽ ഒന്നുകൂടിയാണ് 'കിസി സെ ന കഹ്ന'.

ഫാക്ട്‌ചെക്കിങ് വെബ്‌സൈറ്റായ 'ആൾട്ട് ന്യൂസ്' സഹസ്ഥാപകൻ കൂടിയായ സുബൈറാണ് ബി.ജെ.പി നേതാവ് നുപൂർ ശർമയുടെ പ്രവാചകനിന്ദാ പരാമർശം സമൂഹമാധ്യമങ്ങളിൽ ആദ്യമായി ചർച്ചയാക്കിയത്. ഹരിദ്വാറിൽ യതി നരസിംഹാനന്ദയുടെ നേതൃത്വത്തിൽ നടന്ന ഹിന്ദു ധർമസൻസദിൽ മുസ്‌ലിംകൾക്കെതിരെ നടന്ന വിദ്വേഷ പ്രസംഗങ്ങളും ബജ്‌റംഗ് മുനി, ആനന്ദ് സ്വരൂപ് തുടങ്ങിയവരുടെ വിദ്വേഷ പരാമർശങ്ങളും സുബൈർ പുറത്തുകൊണ്ടുവന്നിരുന്നു. ഇതിനു പിന്നാലെ സംഘ്പരിവാർ അനുകൂലികളുടെ നേതൃത്വത്തിൽ സുബൈറിനും ആൾട്ട് ന്യൂസിനുമെതിരെ വൻ സൈബർ ആക്രമണം നടന്നിരുന്നു.

വ്യാപക പ്രതിഷേധം

അതേസമയം, സുബൈറിന്റെ അറസ്റ്റിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. വ്യാജവാദങ്ങൾ തുറന്നുകാട്ടാൻ മുൻപന്തിയിൽനിന്ന മാധ്യമപ്രവർത്തകനാണ് മുഹമ്മദ് സുബൈറെന്ന് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ജയറാം രമേശ് പ്രതികരിച്ചു. സത്യാനന്തര കാലഘട്ടത്തിൽ തെറ്റായ വിവരങ്ങൾ തുറന്നുകാട്ടുന്ന മാധ്യമമായിരുന്നു ആൾട്ട് ന്യൂസെന്നും ആ സ്ഥാപനത്തിന്റെ സഹസ്ഥാപകനായ മുഹമ്മദ് സുബൈറിനെ ഉടൻ തന്നെ വിട്ടയയ്ക്കണമെന്നും ശശി തരൂർ എം.പി ആവശ്യപ്പെട്ടു.

അറസ്റ്റിനെ അപലപിച്ച് സി.പി.എമ്മും രംഗത്തെത്തി. വിദ്വേഷപ്രസംഗങ്ങളും വിഷലിപ്തമായ വിവരങ്ങളും തുറന്നുകാട്ടുന്ന ആളായിരുന്നു മുഹമ്മദ് സുബൈറെന്നും അദ്ദേഹത്തിന്റെ അറസ്റ്റ് അപലപനീയമാണെന്നും സി.പി.എം പ്രതികരിച്ചു. സ്വേച്ഛാധിപത്യ നടപടികളുടെ ഉപകരണമായാണ് ഡൽഹി പൊലീസ് പ്രവർത്തിക്കുന്നത്. ഡൽഹി പൊലീസിന്റെ നടപടി പ്രതികാരപരവും നിയമവിരുദ്ധവുമാണെന്നും സി.പി.എം വിമർശിച്ചു.

Summary: A Delhi court today sent Mohammed Zubair, co-founder of the fact-checking website Alt News, to four more days of police custody

Similar Posts