ഡൽഹി ശ്രദ്ധ കൊലക്കേസ്: വിവരങ്ങൾ നൽകുന്നതിൽ മാധ്യമങ്ങൾക്ക് വിലക്ക്
|ഡൽഹി പോലീസ് സമർപ്പിച്ച ഹരജിയിലാണ് നടപടി
ന്യൂഡൽഹി: ഡൽഹി ശ്രദ്ധ കൊലക്കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നതിൽ നിന്നും മാധ്യമങ്ങൾക്ക് വിലക്ക്. കുറ്റപത്രവും ഡിജിറ്റൽ തെളിവുകളും നൽകരുതെന്ന് ഡൽഹി ഹൈക്കോടതി നിർദേശിച്ചു. ഡൽഹി പോലീസ് സമർപ്പിച്ച ഹരജിയിലാണ് നടപടി.
രണ്ട് ടിവി ചാനലുകൾക്ക് നാർക്കോ ടെസ്റ്റിന്റേതടക്കമുള്ള രേഖകൾ ലഭിച്ചിട്ടുണ്ടെന്നും ഇത് ഒരു കാരണവശാലും സംപ്രേഷണം ചെയ്യരുതെന്നാവശ്യപ്പെട്ടാണ് ഡൽഹി പൊലീസ് ഹൈക്കോടതിയെ സമീപിച്ചത്. ടെസ്റ്റിന്റെ വീഡിയോയും ഓഡിയോയും ചാനലുകൾക്ക് ലഭിച്ചിരുന്നു. കേസന്വേഷണത്തെ ബാധിക്കുന്നതിനാൽ വിവരങ്ങൾ സംപ്രേഷണം ചെയ്യുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹരജി. എന്നാൽ കേസിനെ ബാധിക്കുന്നത് കൂടാതെ ശ്രദ്ധയുടെ കുടുംബത്തിന് മാനസികമായി ബുദ്ധിമുട്ടുണ്ടാകുന്നതിനും ഇത്തരം വിവരങ്ങൾ ചാനലുകൾ പുറത്തു വിടുന്നത് കാരണമാകുമെന്ന് കോടതി നിരീക്ഷിച്ചു.
ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുക മാത്രമല്ല, അവർക്ക് മമാനസിക ബുദ്ധിമുട്ടുകളുണ്ടാകുന്നില്ല എന്ന് ഉറപ്പു വരുത്തേണ്ടതും ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി. 17ാം തീയതി കേസ് പരിഗണിക്കുന്നത് വരെ കേസുമായി ബന്ധപ്പെട്ട ഒരു വിവരം നൽകരുതെന്നാണ് കോടതി ഉത്തരവ്.