ബി.ജെ.പി നേതാവിന്‍റെ മാനനഷ്ടക്കേസില്‍ ധ്രുവ് റാഠിക്ക് സമന്‍സ്
|കേസ് പരിഗണിക്കുന്നത് ആഗസ്ത് 6ലേക്ക് മാറ്റിയിട്ടുണ്ട്
ഡല്‍ഹി: ബി.ജെ.പി നേതാവ് സുരേഷ് കരംഷി നഖുവ നൽകിയ മാനനഷ്ടക്കേസിൽ യുട്യൂബര്‍ ധ്രുവ് റാഠിക്ക് സമന്‍സ്. ധ്രുവിന്‍റെ ഈയിടെ പുറത്തിറങ്ങിയ വീഡിയോകളിലൊന്ന് നഖുവയെ അധിക്ഷേപിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച കേസിലാണ് ഡൽഹി കോടതി സമന്‍സ് അയച്ചത്. കേസ് പരിഗണിക്കുന്നത് ആഗസ്ത് 6ലേക്ക് മാറ്റിയിട്ടുണ്ട്.
“My Reply to Godi Youtubers | Elvish Yadav | Dhruv Rathee” എന്ന തലക്കെട്ടില്‍ ജൂലൈ 7ന് അപ്‍ലോഡ് ചെയ്ത വീഡിയോയാണ് കേസിനാധാരം. പ്രസ്തുത വീഡിയോയിൽ റാഠി തന്നെ അക്രമവും അധിക്ഷേപകരവുമായ ട്രോളെന്നാണ് വിശേഷിപ്പിച്ചതെന്ന് ബി.ജെ.പിയുടെ മുംബൈ ഘടകത്തിൻ്റെ വക്താവായ നഖുവ ആരോപിക്കുന്നു. എന്നാല്‍ ഒരു അടിസ്ഥാനവുമില്ലാതെയാണ് തനിക്കെതിരെ ആരോപണമുന്നയിക്കുന്നതെന്നും തന്നെ അപമാനിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
"ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ കാട്ടുതീ പോലെ പടരുന്ന വളരെ പ്രകോപനപരമായ വീഡിയോയിൽ റാഠി തനിക്കെതിരെ അടിസ്ഥാനരഹിതമായ അവകാശവാദങ്ങൾ ഉന്നയിച്ചു" എന്ന് നഖുവ കോടതിയെ അറിയിച്ചതായി ബാര്‍ ആന്‍ഡ് ബെഞ്ച് റിപ്പോര്‍ട്ട് ചെയ്യുന്നു. റാഠിയുടെ വീഡിയോ കാരണം വ്യാപകമായ അപമാനവും പരിഹാസവും നേരിടേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നഖുവയ്ക്ക് വേണ്ടി അഭിഭാഷകരായ രാഘവ് അവസ്തിയും മുകേഷ് ശർമ്മയും കോടതിയില്‍ ഹാജരായി.