മദ്യനയ അഴിമതി: മനീഷ് സിസോദിയയുടെ ഓഫീസിൽ സിബിഐ റെയ്ഡ്
|'ലോക്കർ പോലും പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഞാൻ ഒരു തെറ്റും ചെയ്യാത്തതിനാൽ അവർ ഒന്നും കണ്ടെത്തുകയില്ല'- സിസോദിയ ട്വീറ്റ് ചെയ്തു.
ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഓഫിസിൽ സിബിഐ റെയ്ഡ്. ഡൽഹി മദ്യനയ അഴിമതി കേസിലാണ് റെയ്ഡ് നടന്നത്.
''ഇന്ന് സിബിഐ വീണ്ടും എന്റെ ഓഫീസ് സന്ദർശിച്ചു. അവരെ സ്വാഗതം ചെയ്യുന്നു. അവർ എന്റെ വീട്ടിലും ഓഫീസിലും റെയ്ഡ് നടത്തി, എന്റെ ലോക്കർ പോലും പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഞാൻ ഒരു തെറ്റും ചെയ്യാത്തതിനാൽ അവർ ഒന്നും കണ്ടെത്തുകയില്ല''- സിസോദിയ ട്വീറ്റ് ചെയ്തു.
നേരത്തെ മദ്യനയ അഴിമതിക്കേസിൽ സിസോദിയയെ ഒഴിവാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപപത്രം സമർപ്പിച്ചിരുന്നു. ഇൻഡോസ്പിരിറ്റ് എം.ഡി സമീര് മഹേന്ദ്രുവിനെ മാത്രം പ്രതിചേർത്താണ് 3000 പേജുള്ള കുറ്റപത്രം ഇ.ഡി സമർപ്പിച്ചത്.
മനീഷ് സിസോദിയ അടക്കം 15 പേരെ പ്രതികളാക്കിയാണ് സിബിഐ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. സിസോദിയയാണ് ഒന്നാം പ്രതി. ഡല്‍ഹി എക്‌സൈസ് കമ്മീഷണറായിരുന്ന അരവ ഗോപി കൃഷ്ണ, മുതിർന്ന രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥർ എന്നിവർ സിസോദിയയുമായി ചേർന്ന് ചട്ടം ലംഘിച്ച് മദ്യ വ്യാപാരികൾക്ക് അനധികൃതമായി ടെണ്ടർ ഒപ്പിച്ച് നൽകിയെന്നാണ് സിബിഐ കണ്ടെത്തൽ.