പ്രളയ ഭീഷണി; ഡൽഹിയിൽ യമുന കരകവിഞ്ഞു
|നൂറുകണക്കിന് വീടുകൾ വെള്ളത്തിനടിയിലായി
ഡൽഹി: ഡൽഹിയിൽ പലയിടങ്ങളിലും യമുനാ നദി കരകവിഞ്ഞ് ഒഴുകുന്നു. നൂറുകണക്കിന് വീടുകൾ വെള്ളത്തിനടിയിലായി. ഡൽഹി - നോയിഡ പാതയിലെ മയൂർ വിഹാറിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. കൃഷിയിടങ്ങളിലും വീടുകളിലും വെള്ളം കയറിയതിനെ തുടർന്ന് കനത്ത നാശനഷ്ടമാണുണ്ടായത്.
മയൂർ വിഹാർ ഫേസ് വൺ, അക്ഷർഡാം എന്നിവിടങ്ങളിലാണ് യമുന അപകട നിലയ്ക്കും മുകളിൽ ഒഴുകുന്നത്. കിഴക്കൻ ഡൽഹിയിലെ പല പ്രദേശങ്ങളിലും വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറി. ഇതോടെ ആളുകളും പ്രതിസന്ധിയിലായി. പ്രളയ സാധ്യത മുന്നിൽ കണ്ട് ഭരണകൂടം മൂവായിരത്തോളം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. എല്ലാവർക്കും ഭക്ഷണവും വെള്ളവും ഉറപ്പാക്കായിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
യമുനയിലെ ജലനിരപ്പ് നിലവിൽ 205.99 മീറ്ററിലാണ് എത്തിയിരിക്കുന്നത്. ഹരിയാന ഹത്‌നികുണ്ഡ് ബാരേജിൽ നിന്ന് വെള്ളം തുറന്നു വിട്ടതും ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ തുടരുന്ന മഴയുമാണ് യമുന നദി കരകവിഞ്ഞൊഴുകാൻ കാരണം.