വ്യാജ ജാതി സർട്ടിഫിക്കറ്റ് വിതരണം തഹസിൽദാർ അടക്കം നാലുപേർ ഡൽഹിയിൽ പിടിയിൽ
|3500 രൂപയ്ക്കാണ് സർട്ടിഫിക്കറ്റുകൾ സർക്കാർ പോർട്ടലിലൂടെ വിതരണം ചെയ്തത്
ന്യൂഡൽഹി:പണം വാങ്ങി വ്യാജ ജാതി സർട്ടിഫിക്കറ്റ് തയാറാക്കി നൽകുന്ന തഹസിൽദാർ അടക്കം നാലുപേർ ഡൽഹിയിൽ പിടിയിൽ. മുഖ്യപ്രതി സൗരഭ് ഗുപ്ത, ചേതൻ യാദവ്, തഹസിൽ ദാർ നന്ദ്രർ പാൽ സിങ്, അദ്ദേഹത്തിന്റെ ഡ്രൈവർ വാരിസ് അലി എന്നിവരാണ് പിടിയിലായത്.
ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സിൻഡിക്കേറ്റിനെക്കുറിച്ച് ഈ വർഷം ആദ്യംതന്നെ ഡൽഹി ക്രൈംബ്രാഞ്ചിന് സൂചന ലഭിച്ചിരുന്നു.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. ഇത്തരത്തിൽ വ്യാജമായി തയാറാക്കിയ ജാതി സർട്ടിഫിക്കറ്റുകൾ ഡൽഹി സർക്കാറിന്റെ പോർട്ടലിൽ ഇപ്പോഴും ലഭ്യമാണ്.
സംവരണേതര വിഭാഗത്തിൽപെട്ടവരാണ് വ്യാജ ജാതി സർട്ടിഫിക്കറ്റിനായി ആൾക്കാരെ സമീപിച്ചത്. 3500 രൂപയ്ക്കാണ് ഇത്തരത്തിൽ വ്യാജ സർട്ടിഫിക്കറ്റുകൾ തയാറാക്കി നൽകിയതെന്ന് ക്രൈംബ്രാഞ്ച് ഡി.സി.പി രാകേഷ് പവേരിയ പറഞ്ഞു. സർട്ടിഫിക്കറ്റ് വാങ്ങിയവരെ പറ്റി അന്വേഷണം നടത്തുമെന്നും നടപടിയെടുക്കുമെന്നും പൊലീസ് പറഞ്ഞു.
സർട്ടിഫിക്കറ്റിന് വേണ്ടി നടത്തിയ ഓൺലൈൻ ഇടപാടുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലാകുന്നത്. തുടർന്നാണ് തട്ടിപ്പ് സംഘത്തിലെ പ്രധാനിയായ സൗരഭ് ഗുപ്ത പിടിയിലായി. അദ്ദേഹത്തിന്റെ ഫോൺ പരിശോധിച്ചപ്പോഴാണ് ബാക്കിയുള്ളവരെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നത്. ഇവരുടെ ഫോണിൽ നിന്ന് നിരവധി രേഖകളും പിഡിഎഫ് ഫയലുകളും കണ്ടെടുത്തതായി ഡിസിപി പറഞ്ഞു.
ആറുമാസത്തിനുള്ളിൽ 100-ലധികം വ്യാജ ജാതി സർട്ടിഫിക്കറ്റുകൾ നൽകിയതായാണ് കണ്ടെത്തൽ. ഇത്തരത്തിൽ 35 മുതൽ 40 ലക്ഷം രൂപയുടെ തട്ടിപ്പാണ് നടന്നതെന്നാണ് കണ്ടെത്തൽ.