ഡല്‍ഹി സര്‍ക്കാറിനെ ജയിലില്‍ നിന്നും നിയന്ത്രിക്കാന്‍ അനുവദിക്കില്ല - വിനയ് കുമാർ സക്‌സേന
|ജയിലില്‍ കിടന്നാലും കെജ്‌രിവാള്‍ മുഖ്യമന്ത്രിയായി തുടരുമെന്ന് എ.എ.പി നേതാക്കള്‍ അറിയിച്ചതിന് പിന്നാലെയാണ് സക്‌സേനയുടെ പ്രതികരണം
ഡല്‍ഹി: ഡല്‍ഹി സര്‍ക്കാറിനെ ജയിലില്‍ നിന്നും നിയന്ത്രിക്കാന്‍ കെജ്‌രിവാളിനെ അനുവദിക്കില്ലെന്ന് ഡല്‍ഹി ലഫ്. ഗവര്‍ണര്‍ വിനയ് കുമാർ സക്‌സേന. ജയിലില്‍ കിടന്നാലും കെജ്‌രിവാള്‍ മുഖ്യമന്ത്രിയായി തുടരുമെന്ന് എ.എ.പി നേതാക്കള്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സക്‌സേനയുടെ പ്രതികരണം.
'സര്‍ക്കാറിനെ ജയിലില്‍ നിന്ന് നിയന്ത്രിക്കാനാവില്ലെന്ന് ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കാന്‍ കഴിയും. ഡല്‍ഹിയെ ലോകോത്തര തലസ്ഥാനമാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ ശക്തമാക്കും'. സക്‌സേന പറഞ്ഞു. ടൈംസ് നൗ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കസ്റ്റഡിയില്‍ വെച്ച് കെജ്‌രിവാള്‍ ജനങ്ങളുടെ ജലദൗര്‍ലഭ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ജലവിഭവ മന്ത്രി അതിഷിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. കൂടാതെ മരുന്നുകളുടെയും ഡയഗ്നോസ്റ്റിക് ടെസ്റ്റുകളുടെയും കുറവ് പരിഹരിക്കാന്‍ ആരോഗ്യ മന്ത്രി സൗരഭ് ഭരദ്വാജിനോടും ആവശ്യപ്പെട്ടു.
ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മാര്‍ച്ച് 21നാണ് കെജ്‌രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്യുന്നത്. മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റ് തടയണമെന്ന ഹരജി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് കെജ്‌രിവാളിന്റെ വീട്ടില്‍ ഇ.ഡി എത്തിയത്. മാര്‍ച്ച് 28 വരെ കെജ്‌രിവാളിനെ ഇ.ഡി കസ്റ്റഡിയില്‍ വിട്ടു.