India
പൊള്ളുന്ന ചൂടിനൊപ്പം ഡല്‍ഹിയെ വലച്ച് ജലക്ഷാമവും
India

പൊള്ളുന്ന ചൂടിനൊപ്പം ഡല്‍ഹിയെ വലച്ച് ജലക്ഷാമവും

Web Desk
|
17 May 2022 1:13 AM GMT

യമുനാ നദിയിലേക്ക് ഹരിയാന കനാൽ വഴി ജലം ഒഴുക്കിയില്ലെങ്കിൽ വരും ദിവസങ്ങളിൽ പ്രതിസന്ധി രൂക്ഷമാകും

ഡല്‍ഹി: കനത്ത ചൂടിനൊപ്പം രാജ്യതലസ്ഥാനത്ത് ജനങ്ങളെ വലച്ച് ജലക്ഷാമവും. യമുനാ നദി വറ്റി വരണ്ടതോടെ പല പ്രദേശങ്ങളിലും കുടിവെള്ള വിതരണം നിലച്ചു. യമുനാ നദിയിലേക്ക് ഹരിയാന കനാൽ വഴി ജലം ഒഴുക്കിയില്ലെങ്കിൽ വരും ദിവസങ്ങളിൽ പ്രതിസന്ധി രൂക്ഷമാകും.

രാജ്യതലസ്ഥാനത്ത് ചൂട് വർധിച്ചതോടെ പ്രധാന ജലസ്രോതസ്സായ യമുനാ നദി വറ്റാൻ തുടങ്ങിയതാണ് ജലക്ഷാമം രൂക്ഷമാക്കിയത്. വ്യവസായിക മാലിന്യം അടിഞ്ഞ് കൂടിയ യമുന നദിയിൽ അമോണിയയുടെ അളവ് വർധിച്ചതും പ്രതിസന്ധിയാണ്. യമുനയിലേക്ക് അധിക ജലം തുറന്ന് വിടണമെന്നാവശ്യപ്പെട്ട് ഹരിയാന സർക്കാറിന് ഡൽഹി ജലബോർഡ് കത്തയിച്ചിട്ട് രണ്ട് ദിവസമായി. ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. ഹരിയാന ജലം തുറന്നുവിടാൻ തയ്യാറായില്ലെങ്കിൽ രണ്ട് ദിവസത്തിനകം ഡൽഹിയിൽ കുടിവെള്ള വിതരണം പൂർണമായും തകരാറിലാകും.

നഗരത്തിലേക്കുള്ള ജലവിതരണത്തിന്‍റെ പ്രധാന സ്രോതസായ വസീറാബാദ് കുളത്തിലും ജലനിരപ്പ് കുറഞ്ഞു. വേനൽക്കാലത്ത് ജലത്തിന്‍റെ ആവശ്യകത വർധിച്ചതും പ്രധാനകാരണമായി ഉദ്യോഗസ്ഥർ പറയുന്നുണ്ട്. വേനൽക്കാല പദ്ധതിയുടെ ഭാഗമായി ഏപ്രിൽ മുതൽ ജൂലൈ വരെ നഗരത്തിലുടനീളം 1198 ജലടാങ്കറുകൾ ഡൽഹി ജലബോർഡ് ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും വിതരണത്തിന് ജലം തികയാത്തതാണ് പ്രധാന പ്രതിസന്ധി.

Similar Posts