ഏക സിവില്‍കോഡ് നടപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം; കേന്ദ്രത്തോട് ഡല്‍ഹി ഹൈക്കോടതി
|ആധുനിക ഇന്ത്യന്‍ സമൂഹം മതത്തിന്റെയും ജാതിയുടെയും സമുദായത്തിന്റെയും അതിരുകള്‍ ഭേദിച്ച് ഏകജാതീയമായ ഒരു സമൂഹമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇത്തരം മാറ്റങ്ങള്‍ സംഭവിക്കുമ്പോള്‍ ഏക സിവില്‍കോഡും രാജ്യത്ത് ആവശ്യമാണ്
രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി. എല്ലാവര്‍ക്കും ബാധകമായ ഒരു സിവില്‍കോഡ് രാജ്യത്ത് ആവശ്യമാണെന്ന് കോടതി പറഞ്ഞു.
1955ലെ ഹിന്ദു മാര്യേജ് ആക്ടുമായി ബന്ധപ്പെട്ട ഒരു അപ്പീല്‍ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം. ആധുനിക ഇന്ത്യന്‍ സമൂഹം മതത്തിന്റെയും ജാതിയുടെയും സമുദായത്തിന്റെയും അതിരുകള്‍ ഭേദിച്ച് ഏകജാതീയമായ ഒരു സമൂഹമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇത്തരം മാറ്റങ്ങള്‍ സംഭവിക്കുമ്പോള്‍ ഏക സിവില്‍കോഡും രാജ്യത്ത് ആവശ്യമാണ്-ജസ്റ്റിസ് പ്രതിഭ സിങ് പറഞ്ഞു.
വിവാഹം, വിവാഹമോചനം, സ്വത്തവകാശം, തുടങ്ങിയ സിവില്‍ വിഷയങ്ങളില്‍ എല്ലാ സമുദായങ്ങള്‍ക്കും ബാധകമായ ഏകീകൃതനിയമം കൊണ്ടുവരുന്നതാണ് ഏക സിവില്‍കോഡ് കൊണ്ട് ഉദ്ദേശിക്കുന്നത്. നിലവില്‍ ഓരോ സമുദായത്തിനും വ്യത്യസ്തമായ സിവില്‍ നിയമങ്ങളാണ് രാജ്യത്ത് നിലവിലുള്ളത്.