ജുഡീഷ്യൽ കസ്റ്റഡിക്കെതിരായ ന്യൂസ് ക്ലിക്ക് എഡിറ്ററുടെ ഹരജി തള്ളി
|യു.എ.പി.എ കേസിൽ ഏഴ് ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ട വിചാരണ കോടതി വിധിക്കെതിരെയാണ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്.
ഡൽഹി: ജുഡീഷ്യൽ കസ്റ്റഡിക്കെതിരെ ന്യൂസ് ക്ലിക്ക് എഡിറ്റർ ഇൻ ചീഫ് പ്രബീർ പുരകായസ്തയും എച്ച്.ആർ മാനേജർ അമിത് ചക്രവർത്തിയും സമർപ്പിച്ച ഹരജി ഡൽഹി ഹൈക്കോടതി തള്ളി. യു.എ.പി.എ കേസിൽ ഏഴ് ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ട വിചാരണ കോടതി വിധിക്കെതിരെയാണ് ഇരുവരും ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. ഇന്ത്യ വിരുദ്ധ പ്രചാരണത്തിന് ചൈനീസ് ഫണ്ട് സ്വീകരിച്ചെന്ന് ആരോപിച്ചാണ് യു.എ.പി.എ ചുമത്തി ഇരുവരെയും അറസ്റ്റ് ചെയ്തത്.
അതേസമയം, ന്യൂസ് ക്ലിക്ക് വിദേശ നിക്ഷേപ നിയന്ത്രണ നിയമത്തിലെ ചട്ടം ലംഘിച്ചെന്നാണ് സി.ബി.ഐ എഫ്.ഐ.ആർ. നാല് വിദേശ കമ്പനികളിൽ നിന്ന് 28.46 കോടി രൂപ ന്യൂസ് ക്ലിക്ക് നേടി. അമേരിക്കൻ കോടീശ്വരൻ നെവില്ലെ റോയിയുടെ ഉടമസ്ഥതയിലുള്ള കമ്പനി ന്യൂസ് ക്ലിക്കിൽ നിക്ഷേപം നടത്തിയെന്നും എഫ്.ഐ.ആറിൽ പറയുന്നു.
ആഭ്യന്തര മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി രാജേഷ് കുമാർ സിങ്ങാണ് ഇത്തരത്തിലൊരു പരാതി നൽകിയത്. നെവില്ലെ റോയിയുടെ കമ്പനിയിൽ നിന്നുമാത്രം ഒമ്പത് ലക്ഷത്തിലധികം രൂപ ന്യൂസ് ക്ലിക്ക് കൈപറ്റിയെന്ന് കാണിച്ചാണ് ഇപ്പോൾ കേസെടുത്തിട്ടുള്ളത്. എഫ്.സി.ആർ.എ വകുപ്പിന്റെ 35-ാമത്തെ ഉപവകുപ്പിന്റെ ലംഘനം നടന്നിരിക്കുന്നുവെന്നാണ് എഫ്.ഐ.ആറിൽ ചൂണ്ടികാണിച്ചിരിക്കുന്നത്. എഫ്.ഐ.ആർ പ്രകാരം കേസിൽ അഞ്ച് പ്രതികളാണുള്ളത്. ഇതിൽ ഒന്നാം പ്രതി ന്യൂസ് ക്ലിക്ക് കമ്പനിയും രണ്ടാം പ്രതി ന്യൂസ് ക്ലിക്ക് എഡിറ്ററുമാണ്. എന്നാൽ, നിയമം പാലിച്ചു കൊണ്ട് കൃത്യമായ നിക്ഷേപം തന്നെയാണ് നടത്തിയിരിക്കുന്നതെന്നാണ് ന്യൂസ് ക്ലിക്കിന്റെ വാദം.