പ്രധാനമന്ത്രിയെ പോക്കറ്റടിക്കാരനെന്ന് വിളിച്ച രാഹുൽ ഗാന്ധിക്കെതിരെ നടപടിയെടുക്കണമെന്ന് ഡൽഹി ഹൈക്കോടതി
|എട്ടാഴ്ചക്കകം നടപടിയെടുക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രിംകോടതി നൽകിയിരിക്കുന്ന നിർദേശം.
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, വ്യാവസായി ഗൗതം അദാനി എന്നിവരെ പോക്കറ്റടിക്കാർ എന്ന് വിശേഷിപ്പിച്ച കോൺഗ്രസ് എം.പി രാഹുൽ ഗാന്ധിക്കെതിരെ നടപടിയെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് ഡൽഹി ഹൈക്കോടതിയുടെ നിർദേശം. പോക്കറ്റടിക്കാർ എന്ന് വിശേഷിപ്പിച്ചത് നല്ല അർഥത്തിലല്ലെന്നും മൂവരെയും അപമാനിക്കുന്നതാണെന്നും കോടതി പറഞ്ഞു. നടപടിയെടുക്കാൻ കോടതി എട്ടാഴ്ചത്തെ സമയം അനുവദിച്ചു.
ആക്ടിങ് ചീഫ് ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ് മിനി പുഷ്‌കർണ എന്നിവരുടെ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. രാജസ്ഥാനിലെ നഡ്ബായിയിൽ നവംബർ 22ന് നടത്തിയ പ്രസംഗത്തിലെ പരാമർശമാണ് വിവാദമായത്. ബി.ജെ.പിയുടെ പരാതിയിൽ നവംബർ 23ന് തെരഞ്ഞെടുപ്പ് കമ്മീഷൻ രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയച്ചിരുന്നു. മറുപടി അയച്ചില്ലെങ്കിൽ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ നോട്ടീസിന് രാഹുൽ മറുപടി നൽകിയിരുന്നില്ല.
''പോക്കറ്റടിക്കാർ എപ്പോഴും മൂന്നു പേരടങ്ങുന്ന സംഘമായാണ് വരിക. ഒരാൾ തനിച്ച് പോക്കറ്റടിക്കാൻ വരില്ല. ആദ്യത്തെയാൾ അസാധാരണമായ കാര്യങ്ങൾ പറഞ്ഞ് നിങ്ങളുടെ ശ്രദ്ധ തിരിക്കാൻ ശ്രമിക്കും. അപ്പോൾ രണ്ടാമൻ വന്ന് നിങ്ങളുടെ പോക്കറ്റടിക്കും. മോഷണത്തിന് ഇരയാകുന്ന നിങ്ങളെ നിരീക്ഷിക്കുകയാണ് മൂന്നാമന്റെ ജോലി. നിങ്ങൾ പോക്കറ്റടി എതിർക്കുന്നുണ്ടോ എന്നാണ് അയാൾ നോക്കുന്നത്. ഉണ്ടെന്ന് കണ്ടാൽ അയാൾ നിങ്ങളെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യും. ഇവിടെ ശ്രദ്ധ തിരിക്കുന്നത് നരേന്ദ്ര മോദിയാണ്. പോക്കറ്റടിക്കുന്നത് അദാനിയും, ഇരകളെ ഭീഷണിപ്പെടുത്തുന്ന മൂന്നാമനാണ് അമിത് ഷാ''-എന്നാണ് രാഹുൽ ഗാന്ധി പറഞ്ഞു.