ഇ.ഡിക്കെതിരായ മഹുവ മൊയ്ത്രയുടെ ഹരജി ഡൽഹി ഹൈക്കോടതി തള്ളി
|ന്യൂഡൽഹി: എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റിനെതിരായ തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയുടെ ഹരജി ഡൽഹി ഹൈക്കോടതി തള്ളി. ഫെമ കേസിന്റെ വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകുന്നതിനെതിരെയാണ് മഹുവ കോടതിയെ സമീപിച്ചത്.
ഈ മാസം 19ന് മഹുവ നേരിട്ട് ഹാജരാകണമെന്ന് ഇ.ഡി ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ഇ.ഡി മാധ്യമങ്ങൾക്ക് ചോർത്തിനൽകുന്നുവെന്ന് കുറ്റപ്പെടുത്തി മഹുവ കോടതിയെ സമീപിക്കുകയായിരുന്നു. വാർത്ത റിപ്പോർട്ട് ചെയ്യുന്നത് വിലക്കണമെന്നും മഹുവ ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ തങ്ങൾ വിവരങ്ങൾ നൽകിയിട്ടില്ലെന്നാണ് ഇ.ഡി കോടതിയിൽ പറഞ്ഞത്.
പാർലമെന്റിൽ ചോദ്യം ചോദിക്കാൻ കോഴ വാങ്ങിയെന്ന ആരോപണമുയർന്നതിന് പിന്നാലെ മഹുവയെ എം.പി സ്ഥാനത്ത് നിന്ന് നേരത്തെ പുറത്താക്കിയിരുന്നു. അദാനിക്കെതിരെ ചോദ്യങ്ങൾ ചോദിക്കാൻ വ്യവസായി ദർശൻ ഹിരനന്ദാനിക്ക് മഹുവ മൊയ്ത്രയുടെ പാർലമെന്ററി ലോഗിൻ ഐ.ഡിയും പാസ് വേർഡും കൈമാറിയെന്നാണ് ആരോപണം. ഇതിൽ അന്വേഷണം നടത്തിയ പാർലമെന്റ് എത്തിക്‌സ് കമ്മിറ്റി മഹുവക്ക് എതിരായി റിപ്പോർട്ട് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് അവരെ എം.പി സ്ഥാനത്ത് നിന്ന് പുറത്താക്കിയത്.അദാനി ഗ്രൂപ്പിന്റെ ഇടപാടുകൾ ചോദ്യം ചെയ്തതിനാണ് തന്നെ വേട്ടയാടുന്നതെന്ന് മെഹുവ നേരത്തെ പറഞ്ഞിരുന്നു.