ഭൂമിതർക്കത്തിൽ 'ഹനുമാൻ' കക്ഷി! ഒരു ലക്ഷം പിഴയിട്ട് ഡൽഹി ഹൈക്കോടതി
|സ്ഥലം ഭഗവാൻ ഹനുമാന്റേതാണെന്നും ഹനുമാന്റെ അടുത്ത സുഹൃത്തായാണ് താൻ വന്നിരിക്കുന്നത് എന്നുമായിരുന്നു ഹരജിക്കാരന്റെ വാദം
ന്യൂഡൽഹി: ഭൂമിത്തർക്കത്തിൽ ഹനുമാനെ കക്ഷി ചേർത്ത യുവാവിന് ഒരു ലക്ഷം രൂപ പിഴ ചുമത്തി ഡൽഹി ഹൈക്കോടതി. സ്വകാര്യ സ്ഥലത്തെ ആരാധനാലയത്തിൽ പൂജ നടത്തുന്നതുമായി ബന്ധപ്പെട്ട് ഡൽഹി ഉത്തംനഗർ സ്വദേശി അങ്കിത് മിശ്ര എന്നയാൾ നൽകിയ ഹരജിയാണ് പിഴ ചുമത്തി കോടതി തള്ളിയത്. ദൈവം ഒരു കേസിൽ കക്ഷിയായി വരുമെന്ന് സ്വപ്‌നത്തിൽ പോലും കരുതിയിരുന്നില്ലെന്നായിരുന്നു ഹരജി തള്ളി ജസ്റ്റിസ് സി. ഹരിശങ്കറിന്റെ പരാമർശം.
സൂരജ് മലിക് എന്നയാളുടെ സ്ഥലത്തെ ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് അങ്കിത് കോടതിയിലെത്തിയത്. സ്വകാര്യ സ്ഥലത്താണെങ്കിലും ക്ഷേത്രം പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കണമെന്നും ഇതിനായി ക്ഷേത്രമിരിക്കുന്ന സ്ഥലം കൈമാറണമെന്നുമായിരുന്നു അങ്കിതിന്റെ ആവശ്യം. സ്ഥലം ഭഗവാൻ ഹനുമാന്റേതാണെന്നും ഹനുമാന്റെ അടുത്ത സുഹൃത്തും വിശ്വാസിയുമായാണ് താൻ ഹാജരാകുന്നതെന്നുമായിരുന്നു ഇയാളുടെ വാദം. ഹരജിയുമായി ആദ്യം വിചാരണക്കോടതിയെ സമീപിച്ചെങ്കിലും തള്ളി.
മലികിന്റെ ഉടമസ്ഥതയിൽ സ്വകാര്യ സ്ഥലത്താണ് ക്ഷേത്രമിരിക്കുന്നതെന്നും ക്ഷേത്രമവിടെയുണ്ട് എന്ന ഒറ്റക്കാരണത്താൽ സൂരജിന്റെ ഉടമസ്ഥത തള്ളിക്കളയാനാവില്ലെന്നുമായിരുന്നു വിചാരണക്കോടതിയുടെ വിധി. ഈ വിധി ചോദ്യം ചെയ്താണ് അങ്കിത് ഹൈക്കോടതിയിലെത്തുന്നത്. എന്നാൽ വിചാരണക്കോടതി വിധി ശരിവച്ച ഹൈക്കോടതി ഇയാളുടെ ഹരജി തള്ളുകയായിരുന്നു. പിഴത്തുകയായ ഒരു ലക്ഷം രൂപ സൂരജിന് നൽകാൻ കോടതി വിധിക്കുകയും ചെയ്തു.
ക്ഷേത്രമിരിക്കുന്നതിനാൽ മലിക് തന്റെ സ്ഥലം കൈമാറ്റം ചെയ്യണമെന്നായിരുന്നു ഹൈക്കോടതിയിൽ മിശ്ര വാദിച്ചത്. ക്ഷേത്രത്തിൽ താൻ സ്ഥിരമായി പ്രാർഥിക്കാറുള്ളതാണെന്നും തനിക്ക് ക്ഷേത്രത്തിലെ ആരാധനാമൂർത്തികളോട് അടിയുറച്ച വിശ്വാസമാണെന്നും മിശ്ര കോടതിയെ അറിയിച്ചു.
എന്നാൽ കുറച്ചധികം പേർ ആരാധന നടത്തുന്ന ക്ഷേത്രമായത് കൊണ്ട് അതിരിക്കുന്ന സ്ഥലം പൊതുസ്വത്തായി പ്രഖ്യാപിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, അങ്ങനെ വിധിയുണ്ടായാൽ അതിന് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുമെന്നും ഇത്തരമൊരു നീക്കം സ്വകാര്യ സ്വത്ത് തട്ടിയെടുക്കാനുള്ള ശ്രമമായേ കാണാനാകൂവെന്നും കൂട്ടിച്ചേർത്തു.
"ഒരാളുടെ സ്ഥലത്ത് അതിക്രമിച്ചു കയറി, അവിടെയൊരു ക്ഷേത്രം പണിത്, പൊതുജനങ്ങൾക്ക് ആരാധന നടത്താൻ അത് തുറന്നു കൊടുത്തത് സ്വകാര്യ സ്വത്ത് കയ്യടക്കിയത് തന്നെയാണ്. അത്തരം സംഭവങ്ങൾ അനുവദിച്ചു കൊടുക്കുന്നത് നീതിന്യായ വ്യവസ്ഥയുടെ ശവമഞ്ചത്തിൽ അവസാനത്തെ ആണിയടിക്കുന്നതിന് തുല്യമായിരിക്കും". മിശ്രയുടെ ഹരജി തള്ളി ജസ്റ്റി ഹരിശങ്കർ പറഞ്ഞു.
സ്ഥലം കൈമാറാനാവില്ലെന്നറിയിച്ച് സൂരജ് വിചാരണക്കോടതിയിൽ തന്നെ ഹരജി സമർപ്പിച്ചിരുന്നു. പിന്നീടാണ് കേസിലേക്ക് ഹരജിയുമായി അങ്കിത് എത്തുന്നത്. ഹനുമാൻ നിയമവശാൽ പ്രായപൂർത്തിയാകാത്തയാളാണ് എന്നതിനാൽ അദ്ദേഹത്തിന് വേണ്ടി അടുത്ത സുഹൃത്തെന്ന നിലയിൽ താൻ ഹാജരാകുന്നു എന്നായിരുന്നു കോടതിയിൽ അങ്കിന്റെ വിചിത്ര വാദം.