India
Delhi High Court notice to Karma News
India

അപകീർത്തിക്കേസിൽ കർമ ന്യൂസിന് ഡൽഹി ഹൈക്കോടതിയുടെ നോട്ടിസ്

Web Desk
|
7 July 2023 6:02 AM GMT

രണ്ടു കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ദേശീയ ഡിജിറ്റൽ ന്യൂസ് പ്ലാറ്റ്‌ഫോമുകളായ 'ന്യൂസ്‌ലോണ്ട്രി'യും 'കൺഫ്‌ളുവൻസ് മീഡിയ'യും കർമ ന്യൂസിനെതിരെ അപകീർത്തിക്കേസ് നൽകിയത്

ന്യൂഡൽഹി: അപകീർത്തിക്കേസിൽ സംഘ്പരിവാർ അനുകൂല പോർട്ടലായ 'കർമ ന്യൂസി'ന് നോട്ടിസ് അയച്ച് ഡൽഹി ഹൈക്കോടതി. ദേശീയ ഡിജിറ്റൽ ന്യൂസ് പ്ലാറ്റ്‌ഫോമുകളായ 'ന്യൂസ്‌ലോണ്ട്രി'യും 'കൺഫ്‌ളുവൻസ് മീഡിയ'യും നൽകിയ പരാതിയിലാണ് കേസ്. ജസ്റ്റിസ് മനോജ് കുമാർ ഒഹ്രിയുടെ ബെഞ്ചിന്റേതാണ് വിധി.

രണ്ടു കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ന്യൂസ്‌ലോണ്ട്രിയും കൺഫ്‌ളുവൻസ് മീഡിയയും ഹൈക്കോടതിയിൽ അപകീർത്തിക്കേസ് കൊടുത്തത്. ഖലിസ്ഥാനി തീവ്രവാദികളാണെന്നും പോപ്പുലർ ഫ്രണ്ടുമായി ബന്ധമുള്ളവരാണെന്നും ആരോപിച്ച് കർമ ന്യൂസ് തങ്ങൾക്കെതിരെ വാർത്ത പ്രസിദ്ധീകരിച്ചുവെന്നാണ് ഇവർ പരാതിയിൽ ചൂണ്ടിക്കാട്ടിയത്. 'കട്ടിങ് സൗത്ത് 2023' എന്ന പേരിൽ ദ ന്യൂസ് മിനുട്ടുമായും കേരള മീഡിയ അക്കാദമിയുമായും സഹകരിച്ചു നടത്തിയ പരിപാടിക്കെതിരെയായിരുന്നു വ്യാജപ്രചാരണം. പരിപാടിയെക്കുറിച്ച് വ്യാജങ്ങളും അടിസ്ഥാനരഹിത വിവരങ്ങളും ചേർത്ത് നിരവധി വാർത്തകൾ ചെയ്തതായും പരാതിയിൽ പറയുന്നു.

ചൈനയുടെ സഹായത്തോടെ ഇന്ത്യയെ വിഭജിക്കാൻ നീക്കംനടത്തുന്നു, വിശാലമായ ഭീകരനീക്കത്തിൻരെ ഭാഗമായാണ് കട്ടിങ് സൗത്ത് പരിപാടി സംഘടിപ്പിക്കുന്നത്, സംഘാടകർ ഖലിസ്ഥാനി തീവ്രവാദികളാണ് എന്നിങ്ങനെ പോകുന്നു കർമ ന്യൂസ് വാർത്തയിലെ വ്യാജപ്രചാരണം. രാജ്യത്തെ വിഭജിക്കാനുള്ള ഒരുതരത്തിലുമുള്ള അജണ്ടയും പരിപാടിക്കു പിന്നിലുണ്ടായിരുന്നില്ലെന്ന് പരാതിക്കാർ കോടതിയിൽ വ്യക്തമാക്കി. ചായ പങ്കിട്ടെടുക്കുന്നതിനു പറയുന്ന 'കട്ടിങ് ചായ്' എന്ന പ്രയോഗത്തിൽനിന്ന് എടുത്തതാണ് 'കട്ടിങ് സൗത്ത്' എന്നും അവർ വിശദീകരിച്ചു.

തങ്ങളുടെ സൽപ്പേരിനു കളങ്കമുണ്ടാക്കുന്നതാണ് കർമ ന്യൂസ് വാർത്തകളെന്ന് പരാതിയിൽ സൂചിപ്പിച്ചു. വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽനിന്ന് പോർട്ടലിനെ വിലക്കണം, വ്യാജ വാർത്തകൾക്ക് രേഖാമൂലം മാപ്പുപറയണം എന്നീ ആവശ്യങ്ങളും ഉയർത്തിയിട്ടുണ്ട്. ഇതിനു പുറമെയാണ് രണ്ടു കോടി രൂപയുടെ നഷ്ടപരിഹാരം.

കേസ് വാദംകേൾക്കാനായി ആഗസ്റ്റിലേക്ക് മാറ്റിവച്ചിട്ടുണ്ട്. കർമ ന്യൂസിനും യൂട്യൂബിനും നോട്ടിസ് നൽകി. കേസ് വീണ്ടും പരിഗണിക്കുന്നതുവരെ ഇതുമായി ബന്ധപ്പെട്ട് ഒരു തരത്തിലുമുള്ള വാർത്തയും പ്രസിദ്ധീകരിക്കരുതെന്ന് കോടതി നിർദേശിക്കുകയും ചെയ്തിട്ടുണ്ട്.

Summary: The Delhi High Court issued notice to Karma News and YouTube in defamation case filed by the national digital platforms, Newslaundry and Confluence Media

Similar Posts