ന്യൂസ്‍ മിനിറ്റ് സ്ഥാപക ധന്യ രാജേന്ദ്രനെതിരായ അപകീര്‍ത്തിപരമായ വീഡിയോകളും ലേഖനങ്ങളും നീക്കം ചെയ്യണം: ഡല്‍ഹി കോടതി
|ധന്യ നല്‍കിയ മാനനഷ്ടക്കേസിലാണ് ജസ്റ്റിസ് വികാസ് മഹാജന്‍ ഇടക്കാല ഉത്തരവിട്ടത്
ഡല്‍ഹി: ന്യൂസ് മിനിറ്റ് സ്ഥാപക ധന്യ രാജേന്ദ്രനെതിരായ അപകീർത്തികരമായ പ്രസ്താവനകൾ അടങ്ങിയ യൂട്യൂബ് വീഡിയോകളും ലേഖനങ്ങളും നീക്കം ചെയ്യാന്‍ ഉത്തരവിട്ട് ഡല്‍ഹി ഹൈക്കോടതി. ധന്യ നല്‍കിയ മാനനഷ്ടക്കേസിലാണ് ജസ്റ്റിസ് വികാസ് മഹാജന്‍ ഇടക്കാല ഉത്തരവിട്ടത്.
കര്‍മ ന്യൂസ്, ജനം ടിവി, ജന്‍മഭൂമി മാധ്യമങ്ങളോടാണ് ധന്യക്കെതിരായി പ്രസിദ്ധീകരിച്ച വാര്‍ത്തകളും വീഡിയോകളും നീക്കം ചെയ്യാന്‍ നിര്‍ദേശിച്ചത്. പത്ത് ദിവസത്തിനകം നീക്കം ചെയ്യണമെന്നാണ് ഉത്തരവ്. പ്രസ്തുത ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യുന്നതില്‍ മാധ്യമസ്ഥാപനങ്ങള്‍ പരാജയപ്പെട്ടാല്‍ യുട്യൂബിനെ സമീപിക്കാനും ധന്യക്കും ന്യൂസ് മിനിറ്റിനും സ്വാതന്ത്ര്യമുണ്ടെന്നും കോടതി വ്യക്തമാക്കി. ധന്യക്കെതിരായ ആരോപണങ്ങള്‍ തെളിയിക്കാനോ അതുമായി ബന്ധപ്പെട്ട സ്രോതസുകള്‍ വ്യക്തമാക്കാനോ എതിര്‍പക്ഷത്തിന് കഴിഞ്ഞിട്ടില്ലെന്ന് കോടതി പറഞ്ഞു. വീഡിയോയിലെയും ലേഖനത്തിലെയും ഉള്ളടക്കങ്ങള്‍ വെറും ആരോപണം മാത്രമാണെന്നും കോടതി വിലയിരുത്തി.
2023 മാര്‍ച്ച് 25ന് ധന്യയും സ്വതന്ത്ര മാധ്യമ ചാനലുകളും ചേര്‍ന്ന് ‘കട്ടിങ് സൗത്ത് 2023’ എന്ന പേരില്‍ ഒരു കോണ്‍ക്ലേവ് നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ധന്യയെ അധിക്ഷേപിച്ച് ജന്മഭൂമി ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ ധന്യക്കെതിരെ രംഗത്തുവന്നത്. ഇന്ത്യയില്‍ ആഭ്യന്തര സംഘര്‍ഷം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടിരുന്ന ജോര്‍ജ്ജ് സോറോസിന്‍റെ ഏജന്‍റാണ് ധന്യയെന്ന് ആരോപിച്ചായിരുന്നു ലേഖനങ്ങളും വീഡിയോകളും. ധന്യയുടെ ദേശവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് കേന്ദ്ര ഏജൻസികൾക്ക് വിവരം ലഭിച്ചതായും ദക്ഷിണേന്ത്യയെ വെട്ടിമുറിക്കാനും വിഭജിക്കാനുമാണ് പരിപാടി ശ്രമിച്ചതെന്നും ആരോപണമുയര്‍ത്തിയിരുന്നു.