India
ഡല്‍ഹിയില്‍ അനധികൃത അറവുശാലകളെന്ന് ഹരജി; പരിഗണിക്കാൻ വിസമ്മതിച്ച് ഹൈക്കോടതി
India

ഡല്‍ഹിയില്‍ അനധികൃത അറവുശാലകളെന്ന് ഹരജി; പരിഗണിക്കാൻ വിസമ്മതിച്ച് ഹൈക്കോടതി

Web Desk
|
7 July 2022 4:02 PM GMT

അനധികൃത അറവുശാലകളുടെ പട്ടിക എവിടെയെന്ന് കോടതി

ഡല്‍ഹി: ഡൽഹിയിലെ അനധികൃത അറവുശാലകള്‍ നിരോധിക്കണമെന്ന ഹരജി പരിഗണിക്കാന്‍ വിസമ്മതിച്ച് ഹൈക്കോടതി. അനധികൃത അറവുശാലകളെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകുന്നതിൽ ഹരജിക്കാരൻ പരാജയപ്പെട്ടെന്ന് ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമയും ജസ്റ്റിസ് സുബ്രമണ്യം പ്രസാദും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് വിലയിരുത്തി.

"നിങ്ങൾ ഒരു അനധികൃത അറവുശാലയുടെയും പേര് നല്‍കിയിട്ടില്ല. ഞങ്ങൾ ഡൽഹി മുഴുവൻ സഞ്ചരിച്ച് അന്വേഷണം നടത്തണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നു. അറവുശാലകളുടെ പട്ടിക എവിടെ?"- ചീഫ് ജസ്റ്റിസ് വാക്കാൽ പറഞ്ഞു.

വാദത്തിന് ശേഷം ഹരജി പിൻവലിക്കാനും ആവശ്യമായ വിശദാംശങ്ങൾ ഉൾപ്പെടുത്തി പുതിയ ഹരജി ഫയൽ ചെയ്യാനും അഭിഭാഷകൻ കോടതിയുടെ അനുമതി തേടി. തുടര്‍ന്ന് ഹരജി പിൻവലിച്ചു.

ഗാസിപൂരിലെ ഏക യന്ത്രവൽകൃതവും ആധുനികവുമായ അറവുശാല അതിന്റെ പരമാവധി ശേഷിയിൽ ഉപയോഗപ്പെടുത്തി ആരോഗ്യകരമായ മാംസം വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഹരജിയില്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഈ പ്രശ്‌നം വളരെ പ്രാധാന്യമർഹിക്കുന്നു. വിപണിയിൽ ഗുണനിലവാരമില്ലാത്ത മാംസം വിതരണം ചെയ്യുന്നത് പകര്‍ച്ചവ്യാധികളുടെ വ്യാപനത്തിന് ഇടയാക്കുമെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി.

ഡൽഹിയിൽ അനധികൃത കശാപ്പുശാലകളിലേക്ക് എത്തിക്കുന്ന കന്നുകാലികളുടെ ഉറവിടം പരിശോധിക്കാൻ സംവിധാനമില്ലെന്നും ഹരജിയില്‍ പറയുന്നു. നിയമവിരുദ്ധ അറവുശാലകളിൽ സംസ്‌കരിക്കപ്പെടുന്ന മാംസം ഭക്ഷിക്കാന്‍ അനുയോജ്യമാണോ എന്ന് കൃത്യമായി പറയാനാവില്ല. വിവിധ നിയമങ്ങൾ, ചട്ടങ്ങൾ, കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദേശങ്ങൾ, സുപ്രിംകോടതിയുടെയും ഹൈക്കോടതിയുടെയും നിർദേശങ്ങൾ തുടങ്ങിയ കര്‍ശന മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഗാസിപൂരിലെ പോലെ ലൈസൻസുള്ളതും ആധുനികവുമായ അറവുശാലയില്‍ മാംസം സംസ്കരിക്കുന്നതെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി.



Similar Posts