'അഗ്നിപഥിൽ ഇടപെടേണ്ട സാഹചര്യമില്ല'; എല്ലാ ഹരജികളും തള്ളി ഡല്‍ഹി ഹൈക്കോടതി
|കേരളമടക്കമുള്ള സംസ്ഥാനങ്ങളായിരുന്നു പദ്ധതിയുടെ നിയമസാധുത ചോദ്യം ചെയ്ത് ഹരജികൾ സമർപ്പിച്ചത്
ന്യൂഡൽഹി: അഗ്‌നിപഥ് പദ്ധതിയെ ചോദ്യം ചെയ്തുള്ള എല്ലാ ഹരജികളും ഡൽഹി ഹൈക്കോടതി തള്ളി. കേരള ഹൈക്കോടതിയിൽ സമർപ്പിച്ച ഹരജികളടക്കമുള്ളവയാണ് ഡൽഹി ഹൈക്കോടതിയില്‍ പരിഗണിച്ചത്. പദ്ധതിയിൽ ഇടപടേണ്ട സാഹചര്യമില്ലെന്ന് ഡൽഹി ഹൈക്കോടതി നിരീക്ഷിച്ചു. സൈന്യത്തിലേക്ക് അംഗങ്ങളെ ചേർക്കുന്നതിൽ നയപരമായ മാറ്റം വരുത്തുകയായിരുന്നുവെന്നാണ് കേന്ദ്ര സർക്കാരിന്റെ വാദം. പദ്ധതി ദേശതാൽപര്യത്തിന് അനുകൂലമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മയും ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദും അടങ്ങുന്ന ബെഞ്ചാണ് വിധി പറഞ്ഞത്.
കേരളത്തിന് പുറമെ തമിഴ്‌നാട്, കർണാടക തുടങ്ങി സംസ്ഥാനങ്ങളായിരുന്നു പദ്ധതിയുടെ നിയമസാധുത ചോദ്യം ചെയ്ത് ഹരജികൾ സമർപ്പിച്ചത്. സുപ്രിംകോടതിയുടെ നിർദേശപ്രകാരമാണ് അഗ്നിപഥിനെതിരായ മുഴുവൻ ഹരജികളും ഒരു ഹൈക്കോടതിയിലേക്ക് മാത്രം മാറ്റിയത്. അതിന്റെ ഭാഗമായാണ് ഡൽഹി ഹൈക്കോടതിയിലേക്ക് ഈ ഹരജികളെല്ലാം മാറ്റിയത്. പദ്ധതി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഡൽഹി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.ഇതിന് പിന്നാലെയാണ് സർക്കാറിന്റെ വാദം അംഗീകരിച്ച് അഗ്നിപഥ് പദ്ധതിക്കെതിരായ എല്ലാ ഹരജികളും തള്ളിയത്. പദ്ധതി 10 ലക്ഷത്തോളം യുവാക്കൾക്ക് തൊഴിൽ അവസരം നൽകുമെന്നും കോടതി നിരീക്ഷിച്ചു.
17 വയസിനും 21 വയസിനും ഇടയിലുള്ള യുവാക്കളെ നാലുവർഷത്തേക്ക് സൈന്യത്തിൽ നിയമിക്കുന്ന പദ്ധതിയാണ് അഗ്നിപഥ്. കഴിഞ്ഞ വർഷം ജൂൺ 14 നാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. നാല് വർഷത്തേക്ക് റിക്രൂട്ട് ചെയ്യുന്നവരിൽ 25 ശതമാനം പേരെ 15 വർഷത്തേക്ക് തുടരുകയും ചെയ്യാം. 2022-ൽ പദ്ധതിയിൽ ചേരാനുള്ള ഉയർന്ന പ്രായപരിധി 23 ആയി ഉയർത്തിയിരുന്നു. പദ്ധതി പ്രകാരം റിക്രൂട്ട് ചെയ്യുന്നവരെ 'അഗ്‌നിവീർ' എന്ന് വിളിക്കും.
പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇതിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. പ്രതിരോധ റിക്രൂട്ട്മെന്റിലെ ഏറ്റവും വലിയ നയപരമായ മാറ്റങ്ങളിലൊന്നാണ് അഗ്‌നിപഥ് പദ്ധതിയെന്നും സായുധ സേന ഉദ്യോഗസ്ഥരെ റിക്രൂട്ട് ചെയ്യുന്ന രീതിയിൽ മാതൃകാപരമായ മാറ്റം കൊണ്ടുവരാൻ പോകുകയാണെന്നും മുൻ ഹിയറിംഗിനിടെ കേന്ദ്രം കോടതയിൽ വ്യക്തമാക്കിയിരുന്നു. ഏറെക്കാലത്തെ പഠനത്തിന് ശേഷമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.