India
Delhi High Court rejects plea for FIR against PM Narendra Modi for alleged hate speech
India

'കഴമ്പില്ല'; വിദ്വേഷ പ്രസംഗത്തിൽ പ്രധാനമന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള ഹരജി ഡൽഹി ഹൈക്കോടതി തള്ളി

Web Desk
|
13 May 2024 9:14 AM GMT

ഏപ്രിൽ 21ന് രാജസ്ഥാനിലെ ബൻസ്വാരയിലാണ് മോദി മുസ്‌ലിം വിരുദ്ധ വിദ്വേഷ പ്രസം​ഗം നടത്തിയത്.

ന്യൂഡൽഹി: വിദ്വേഷ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി ഡൽഹി ഹൈക്കോടതി തള്ളി. ഹരജി കഴമ്പില്ലാത്തതും തെറ്റിദ്ധാരണയുണ്ടാക്കുന്നതുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹരജി തള്ളിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിധിയിലുള്ള വിഷയമായതിനാൽ ഇടപെടാനാവില്ലെന്നും കോടതി വ്യക്തമാക്കി.

വിഷയം തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിഗണനയിലാണെന്നും അവർ ഒരു നടപടിയും സ്വീകരിക്കില്ലെന്ന് മുൻകൂട്ടി കണക്കാക്കാനാവില്ലെന്നും ജസ്റ്റിസ് സച്ചിൻ ദത്ത പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷൻ ആർക്ക് നോട്ടീസയക്കണമെന്ന് തങ്ങൾക്ക് പറയാനാവില്ല. അവർ ഒന്നും ചെയ്യില്ലെന്ന് ഊഹിക്കാനുമാവില്ല. അവർക്ക് ആദ്യം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത ശേഷം വിശദീകരണം ചോദിക്കാനാവില്ലെന്നും കോടതി പറഞ്ഞു.

മോദിക്കെതിരായ പരാതി പ്രത്യേക പരിഗണന നൽകിയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ കൈകാര്യം ചെയ്യുന്നതെന്ന് ഹരജിക്കാർക്ക് വേണ്ടി ഹാജരായ അഡ്വ. നിസാം പാഷ പറഞ്ഞു. ബി.ആർ.എസ് നേതാവ് ചന്ദ്രശേഖര റാവു അടക്കമുള്ളവർക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുത്തിട്ടുണ്ട്. എന്നാൽ മോദിക്കെതിരെ നോട്ടീസ് പോലും അയച്ചിട്ടില്ലെന്നും നിസാം പാഷ പറഞ്ഞു.

നോട്ടീസിന് മറുപടി നൽകാൻ ബി.ജെ.പി കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മെയ് 15നകം മറുപടി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ഹാജരായ അഡ്വ. സുറുചി സുരി പറഞ്ഞു. പാർട്ടിക്ക് നോട്ടീസ് അയക്കണോ താരപ്രചാരകന് നോട്ടീസയക്കണോ എന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിവേചനാധികാരത്തിൽപ്പെട്ട വിഷയമാണെന്നും അദ്ദേഹം കോടതിയൽ വ്യക്തമാക്കി.


Similar Posts