India
delhi hindu college offer to attend PM program
India

'അഞ്ച് ഹാജര്‍ അധികം നല്‍കും': പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ ആളെക്കൂട്ടാന്‍ വാഗ്ദാനവുമായി ഡല്‍ഹി ഹിന്ദു കോളജ്

Web Desk
|
29 Jun 2023 10:52 AM GMT

പരിപാടിയുടെ തത്സമയ സ്ക്രീനിങ്ങിൽ നിർബന്ധമായി പങ്കെടുക്കണം

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥിയാകുന്ന പരിപാടിക്ക് ആളെക്കൂട്ടാൻ വാഗ്ദാനവുമായി ഡൽഹി ഹിന്ദു കോളജ്. പരിപാടിയുടെ തത്സമയ സ്ക്രീനിങ്ങിൽ നിർബന്ധമായി പങ്കെടുക്കണം. പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് അഞ്ച് ഹാജര്‍ അധികം നൽകുമെന്നും വാഗ്ദാനമുണ്ട്. ഡൽഹി സർവകലാശാല ശതാബ്ദി ആഘോഷ പരിപാടിക്കാണ് ആളെക്കൂട്ടുന്നത്.

നാളെയാണ് ഡൽഹി സർവകലാശാല ശതാബ്ദി ആഘോഷ സമാപന ചടങ്ങ്. തത്സമയ സ്ക്രീനിങ് സര്‍വകലാശാലയ്ക്ക് കീഴിലെ വിവിധ കോളജുകളില്‍ നടത്തും. ഇതില്‍ നിർബന്ധമായി പങ്കെടുക്കണമെന്നാണ് ഡല്‍ഹി ഹിന്ദു കോളജ് വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇതില്‍ പങ്കെടുക്കുന്നവര്‍ക്ക് അഞ്ച് ഹാജര്‍ അധികം നല്‍കുമെന്നാണ് വാഗ്ദാനം. കറുത്ത വസ്ത്രം ധരിച്ച് പരിപാടിയില്‍ പങ്കെടുക്കരുതെന്നും കോളജ് അധികൃതര്‍ ആവശ്യപ്പെട്ടു. ഒരു വിഭാഗം വിദ്യാര്‍ഥികളും അധ്യാപകരും പരിപാടി ബഹിഷ്കരിച്ചേക്കും.

ബലിപെരുന്നാൾ ദിവസവും പ്രവൃത്തിദിനമാക്കി ഡൽഹി സർവകലാശാല നേരത്തെ ഉത്തരവിറക്കിയിരുന്നു. ജൂൺ 29ന് സർവകലാശാലാ സാധാരണ പോലെ പ്രവർത്തിക്കുമെന്നാണ് സർവകലാശാല അറിയിച്ചത്. പെരുന്നാൾ ആഘോഷിക്കുന്നവർ ഒഴികെ എല്ലാവരും എത്തണമെന്നാണ് ആവശ്യപ്പെട്ടത്. പ്രധാനമന്ത്രിയുടെ പരിപാടിക്കു മുന്നോടിയായി എല്ലാ മുന്നൊരുക്കങ്ങളും പൂർത്തീകരിക്കാനാണ് ഇത്തരമൊരു തീരുമാനമെന്ന് സർവകലാശാലാ വൃത്തങ്ങൾ വിശദീകരിച്ചു.

ഉത്തരവിനെതിരെ ഒരു വിഭാഗം അധ്യാപകർ രംഗത്തെത്തിയിരുന്നു. ജൂൺ 29 കേന്ദ്ര ഗസറ്റിൽ വ്യക്തമാക്കിയ നിർബന്ധിത ഈദുൽ അദ്ഹാ അവധിദിനമാണെന്ന് ഡെമോക്രാറ്റിക് ഫെഡറേഷൻ ഓഫ് ടീച്ചേഴ്‌സ് വാർത്താക്കുറിപ്പിൽ ചൂണ്ടിക്കാട്ടി. ഈ ദിവസം മുസ്‌ലിംകൾ പെരുന്നാൾ ആഘോഷിക്കുമ്പോൾ മറ്റു സമുദായങ്ങളും അതിൽ പങ്കുചേരാറുണ്ട്. സര്‍വകലാശാലയുടെ ഉത്തരവ് വിഭാഗീയ ചിന്താഗതിയുടെയും ബോധമില്ലായ്മയുടെയും തെളിവാണെന്ന് അധ്യാപകര്‍ വാർത്താക്കുറിപ്പിൽ കുറ്റപ്പെടുത്തി. ഒരു സമൂഹത്തെ ഒറ്റപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമമാണെന്നും അധ്യാപകർ ആരോപിച്ചു.





Similar Posts