ഡൽഹി ജമാ മസ്ജിദ് തകർച്ച ഭീഷണിയിൽ; തിരിഞ്ഞുനോക്കാതെ കേന്ദ്ര സർക്കാർ
|പുനരുദ്ധാരണത്തിനും പരിപാലനത്തിനും കേന്ദ്ര സർക്കാറും പുരാവസ്തു വകുപ്പും ബാധ്യസ്ഥരായതിനാൽ പ്രധാനമന്ത്രിയുടെ ശ്രദ്ധ ക്ഷണിച്ച് അഖിലേന്ത്യ മജ്ലിസെ മുശാവറ പ്രസിഡൻറ് നവൈദ് ഹാമിദാണ് കത്തെഴുതിയത്.
രാജ്യതലസ്ഥാനത്തിന്റെ പ്രൗഢിയായി തലയുയർത്തി നിൽക്കുന്ന അഞ്ചു നൂറ്റാണ്ട് പഴക്കമുള്ള ഡൽഹി ജമാ മസ്ജിദ് തകർച്ച ഭീഷണിയിൽ. കനത്ത മഴയിൽ ചോർന്നൊലിക്കുന്ന തരത്തിൽ മേൽക്കൂരകളിലും താഴികക്കുടങ്ങളിലും വലിയ വിള്ളലുണ്ടായിരിക്കുകയാണ്. മിനാരത്തിൽനിന്ന് കല്ലുകളും അടർന്നുവീഴുന്നു. എന്നാൽ, അടിയന്തര സാമ്പത്തിക സഹായത്തിന് പ്രധാനമന്ത്രിക്ക് കത്തെഴുതിയിട്ടും അറ്റകുറ്റപണിക്ക് ബാധ്യസ്ഥരായ കേന്ദ്ര സർക്കാറും പുരാവസ്തു വകുപ്പും ഇതുവരെയും ഇടപെട്ടിട്ടില്ല.
മസ്ജിദിന്റെ നില മോശമായതോടെ ശാഹി ഇമാം അഹ്മദ് ബുഖാരി അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടതിനെ തുടർന്ന് ഡൽഹി വഖഫ് ബോർഡ് ചെയർമാൻ അമാനതുല്ലാ ഖാൻ എൻജിനീയർമാരുമായി എത്തി പരിശോധന നടത്തി. മസ്ജിദിന്റെ പല ഭാഗങ്ങളും അടർന്നുവീഴുന്നത് വിദേശികൾ അടക്കമുള്ള സന്ദർശകരെ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പും ശാഹി ഇമാം നൽകി.
പുനരുദ്ധാരണത്തിനും പരിപാലനത്തിനും കേന്ദ്ര സർക്കാറും പുരാവസ്തു വകുപ്പും ബാധ്യസ്ഥരായതിനാൽ പ്രധാനമന്ത്രിയുടെ ശ്രദ്ധ ക്ഷണിച്ച് അഖിലേന്ത്യ മജ്ലിസെ മുശാവറ പ്രസിഡൻറ് നവൈദ് ഹാമിദാണ് കത്തെഴുതിയത്.
മിനാരത്തിന്റെയും താഴികക്കുടങ്ങളുടെയും മേൽക്കൂരയുടെയും ഭാഗങ്ങൾ അടർന്നുവീഴാൻ തുടങ്ങിയ സാഹചര്യത്തിലാണ് കത്ത് എഴുതുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ജമാ മസ്ജിദ് ദേശീയ പൈതൃകം മാത്രമല്ല, വിദേശ രാജ്യങ്ങളുടെ ഭരണാധികാരികളും പ്രതിനിധികളും പതിവായി വരാറുള്ള ആരാധനാലയം കൂടിയാണെന്ന് നവൈദ് ഹാമിദ് കത്തിൽ ചൂണ്ടിക്കാട്ടി. 1956 മുതൽ കേന്ദ്ര സർക്കാർ ആണ് ജമാ മസ്ജിദിന്റെ കാര്യത്തിൽ തീരുമാനങ്ങളെടുത്തുവരുന്നത്.
ജമാ മസ്ജിദിന്റെ എല്ലാ അറ്റകുറ്റപണികളും തീർത്ത് നവീകരിച്ച് പ്രൗഢി നിലനിർത്താനുള്ള മുഴുവൻ ചെലവും വഹിക്കാമെന്ന് സൗദി അറേബ്യൻ ഭരണകൂടം 2004ൽ വാഗ്ദാനം ചെയ്തിരുന്നു.എന്നാൽ, ജമാ മസ്ജിദിന്റെ വൈകാരിക പശ്ചാത്തലം കൂടി കണക്കിലെടുത്ത് ഈ വാഗ്ദാനം നിരസിക്കുകയാണ് അന്നത്തെ കേന്ദ്ര സർക്കാർ ചെയ്തതെന്ന് നവൈദ് ഹാമിദ് ഓർമിപ്പിച്ചു. പുനരുദ്ധാരണത്തിനും നവീകരണത്തിനും 100 കോടി രൂപയുടെ അടിയന്തര സാമ്പത്തിക സഹായം അനുവദിക്കണമെന്നും നവൈദ് ആവശ്യപ്പെട്ടു.