നിയമനം ചട്ട വിരുദ്ധം; ഡൽഹി വനിത കമീഷനിലെ 233 ജീവനക്കാരെ പുറത്താക്കി ലഫ്റ്റനന്റ് ഗവർണർ
|മുൻ ഡൽഹി വനിതാ കമ്മിഷൻ അധ്യക്ഷ സ്വാതി മലിവാൾ നിയമിച്ച ജീവനക്കാരെയാണ് നീക്കം ചെയ്തത്.
ഡൽഹി: ഡൽഹി വനിത കമീഷനിലെ 233 ജീവനക്കാരെ നീക്കി ലഫ്റ്റനന്റ് ഗവർണർ. ചട്ട വിരുദ്ധമായി നിയമിച്ചെന്ന് കാട്ടിയാണ് നടപടി. ലഫ്റ്റനൻ്റ് ഗവർണർ വി.കെ സക്‌സേനയുടെ ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. മുൻ ഡൽഹി വനിതാ കമ്മിഷൻ അധ്യക്ഷ സ്വാതി മലിവാൾ നിയമിച്ച ജീവനക്കാരെയാണ് നീക്കം ചെയ്തത്. കരാറടിസ്ഥാനത്തിൽ നിയമിച്ച ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. കരാറടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കാൻ വനിതാ കമ്മീഷൻ അധ്യക്ഷയ്ക്ക് അധികാരമില്ലെന്ന് ഉത്തരവിൽ പറയുന്നു.
സ്വാതി മലിവാൾ ധനകാര്യ വകുപ്പിന്റെ അനുമതിയില്ലാതെയാണ് ജീവനക്കാരെ നിയമിച്ചതെന്ന് പറയുന്ന റിപ്പോർട്ടാണ് ലഫ്റ്റനന്റ് ഗവർണർക്ക് ലഭിച്ചത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. 40 പോസ്റ്റുകൾക്ക് മാത്രമാണ് നിയമപ്രകാരം അനുമതിയുണ്ടായിരുന്നതെന്നും അധിക അംഗങ്ങളെ കമ്മീഷൻ നിയമിച്ചുവെന്നുമാണ് റിപ്പോർട്ട്. ഡൽഹിയിൽ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇപ്പോഴത്തെ നടപടി.