ഡല്‍ഹി മദ്യനയ കേസ്: മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും
|സി.ബി.ഐ രജിസ്റ്റർ ചെയ്ത കേസിൽ മനീഷ് സിസോദിയ സമർപ്പിച്ച ജാമ്യാപേക്ഷ പ്രത്യേക ജഡ്ജ് ജസ്റ്റിസ് നാഗ്പാൽ ആണ് പരിഗണിക്കുന്നത്
ഡൽഹി: മദ്യനയ കേസിൽ മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. സി.ബി.ഐ രജിസ്റ്റർ ചെയ്ത കേസിൽ മനീഷ് സിസോദിയ സമർപ്പിച്ച ജാമ്യാപേക്ഷ പ്രത്യേക ജഡ്ജ് ജസ്റ്റിസ് നാഗ്പാൽ ആണ് പരിഗണിക്കുന്നത്. സി.ബി.ഐ കേസിൽ കോടതി റിമാൻഡ് ചെയ്ത മനീഷ് സിസോദിയയെ ഇ.ഡി ഇന്നും ചോദ്യം ചെയ്യും. ഇ.ഡിയും സി.ബി.ഐയും മദ്യനയ കേസിൽ മനീഷ് സിസോദിയയുടെ കുരുക്ക് മുറുക്കുകയാണ്. കേസിലെ മറ്റ് പ്രതികളെ മാറി മാറി ചോദ്യം ചെയ്തതിൽ നിന്നും അന്വേഷണ സംഘങ്ങൾക്ക് നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.
ഇന്നലെ ഇഡി ബിആർഎസ് നേതാവ് കവിതയെ 10 മണിക്കൂർ ചോദ്യം ചെയ്തതിൽ നിന്നും മനീഷ് സിസോദിയയേ സംബന്ധിച്ച നിർണായക വിവരങ്ങളും ലഭിച്ചതായാണ് സൂചന. മദ്യനയ കേസിൽ മനീഷ് സിസോദിയയെ ആദ്യം അറസ്റ്റ് ചെയ്തത് സിബിഐ ആണ്. ഈ കേസിലാണ് മനീഷ് സിസോദിയ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. അന്വേഷണത്തോട് പൂർണമായും സഹകരിക്കുന്നുണ്ട് എന്നും കേസിലെ മറ്റ് പ്രതികൾക്ക് ജാമ്യം അനുവദിച്ചിട്ടുണ്ട് എന്നും ചൂണ്ടിക്കാട്ടിയാണ് മനീഷ് സിസോദിയ ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്.
ആവശ്യമായ തെളിവെടുപ്പും ചോദ്യം ചെയ്യലും പൂർത്തിയായ സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നും മനീഷ് സിസോദിയ ജാമ്യാപേക്ഷയിൽ വാദം ഉന്നയിച്ചിട്ടുണ്ട്. ഹർജി സിബിഐ എതിർക്കും. കോടതി ജാമ്യം അനുവദിച്ചാലും ഇഡി കേസ് നിലനിൽക്കുന്നതിനാൽ ഡൽഹി മുൻ ഉപ മുഖ്യമന്ത്രിക്ക് പുറത്തിറങ്ങാൻ കഴിയില്ല. സിബിഐ കേസിൽ രണ്ടാഴ്ചത്തെ ജുഡീഷ്യൽ കസ്റ്റഡി ആണ് ഉള്ളതെങ്കിലും മനീഷ് സിസോദിയ ഇപ്പൊൾ ഇഡി സംഘത്തിന് ഒപ്പമാണ്. മനീഷ് സിസോദിയയെ മദ്യനയ അഴിമതിയിൽ കള്ളപ്പണ ഇടപാട് അന്വേഷിക്കുന്ന ഇഡിയുടെ കസ്റ്റഡിയിൽ കോടതി നേരത്തെ വിട്ടിട്ടുണ്ട്.