India
Delhi liquor scam,Enforcement Directorate (ED) summons K Kavitha,BRS MLC and daughter of Telangana CM K Chandrasekhar Rao,  v Breaking News Malayalam, Latest News, Mediaoneonline
India

ഡൽഹി മദ്യനയക്കേസ്: തെലങ്കാന മുഖ്യമന്ത്രിയുടെ മകൾ കവിതയെ ഇഡി ചോദ്യം ചെയ്യും

Web Desk
|
8 March 2023 5:31 AM GMT

കേന്ദ്രസർക്കാറിന്റെ മുന്നിൽ മുട്ടുമടക്കില്ലെന്ന് കവിത

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഭാരത് രാഷ്ട്ര സമിതി നേതാവും തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർറാവുവിന്റെ മകളുമായ കെ. കവിതയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) ചോദ്യം ചെയ്യും. വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദേശം.

കേസിൽ കവിതയെ സിബിഐ നേരത്തെ ചോദ്യം ചെയ്തിരുന്നു.

ഇന്നലെ അറസ്റ്റിലായ മലയാളി വ്യവസായി അരുൺ രാമചന്ദ്ര പിള്ള കവിതയുടെ ബിനാമിയാണെന്നാണ് അന്വേഷണ സംഘത്തിൻ്റെ ആരോപണം. വിജയ് നായരും അരുൺ രാമചന്ദ്ര പിള്ളയും ചേർന്നാണ് കവിത കൂടി ഭാഗമായ ദക്ഷിണേന്ത്യൻ ലോബിക്ക് വേണ്ടി മദ്യ നയത്തിൻ്റെ ഡൽഹി സർക്കാരിലെ ഉന്നതരുമായി കരാറുകൾ ഉറപ്പിച്ചത് എന്നും അന്വേഷണ സംഘം ആരോപിക്കുന്നുണ്ട്. കോടതി കസ്റ്റഡിയിൽ വിട്ട അരുൺ രാമചന്ദ്ര പിള്ളയ്ക്ക് ഒപ്പമിരുത്തി കവിതയെ ചോദ്യം ചെയ്യാൻ ആണ് ഇ.ഡിയുടെ നീക്കം. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആണ് ഇഡി നിർദ്ദേശമെങ്കിലും ആവശ്യമെങ്കിൽ സമയം നീട്ടി ചോദിക്കാൻ തെലങ്കാന എംഎൽസി കൂടിയായ കവിതയ്ക്ക് സാധിക്കും.

മദ്യനയവിവാദത്തിൽപ്പെട്ട കമ്പനിയായ ഇൻഡോ സ്പിരിറ്റിൽ കവിതക്ക് 65 ശതമാനം ഓഹരിയുണ്ടെന്നും ഇഡി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേസ് കവിതക്കെതിരെ എടുത്തത്. കേസിൽ അന്വേഷണ സംഘവുമായി സഹകരിക്കുമെന്നും എന്നാല്‍ കേന്ദ്രസർക്കാറിന്റെ മുന്നിൽ മുട്ടുമടക്കില്ലെന്നും കവിത പ്രതികരിച്ചു. കേന്ദ്രത്തിന്റെ വീഴ്ച തുറന്നകാട്ടുമെന്നും കവിത പറഞ്ഞു.

മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ കഴിഞ്ഞദിവസമാണ് സി.ബി.ഐ അറസ്റ്റ് ചെയ്തത്.സിസോദിയയെ ഇ ഡി വീണ്ടും ചോദ്യം ചെയ്യും.തിഹാർ ജയിലിലെത്തി അന്വേഷണ സംഘം സിസോദിയയെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു .



Similar Posts