'മുൻഗാമിയെക്കാൾ ആയിരം മടങ്ങ് മികച്ചവൾ'; ഡൽഹി മുഖ്യമന്ത്രിയെ പ്രശംസിച്ച് ലഫ്റ്റനന്റ് ഗവർണർ
|എഎപി സർക്കാരുമായി ഏറെക്കാലമായി ഏറ്റുമുട്ടുന്ന ലഫ്റ്റനന്റ് ഗവർണർ അപ്രതീക്ഷിതമായാണ് അതിഷിയെ പുകഴ്ത്തി രംഗത്തെത്തിയത്.
ന്യൂഡൽഹി: ഡൽഹിയിൽ എഎപി സർക്കാരും ലഫ്റ്റനന്റ് ഗവർണറും തമ്മിലുള്ള പോര് ഏറെ നാളായി തുടരുന്ന ഒന്നാണ്. എന്നാൽ ഇപ്പോൾ അപ്രതീക്ഷിതമായി ഡൽഹി മുഖ്യമന്ത്രി അതിഷിയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ലഫ്റ്റനന്റ് ഗവർണർ വി.കെ സക്‌സേന. മുൻഗാമിയായ അരവിന്ദ് കെജ്‌രിവാളിനെക്കാൾ ആയിരം മടങ്ങ് മികച്ചവളാണ് അതിഷിയെന്ന് സക്‌സേന പറഞ്ഞു. ഡൽഹി ഇന്ദിരാ ഗാന്ധി ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റിയുടെ ബിരുദദാന ചടങ്ങിലായിരുന്നു ലഫ്റ്റനന്റ് ഗവർണറുടെ പ്രശംസ.
സെപ്റ്റംബർ 21നാണ് അതിഷി മർലേന ഡൽഹി മുഖ്യമന്ത്രിയായി അധികാരമേറ്റത്. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ജയിലിലായിരുന്ന കെജ്‌രിവാൾ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ മുഖ്യമന്ത്രി പദം രാജിവെക്കുകയായിരുന്നു. അടുത്ത വർഷം നടക്കുന്ന നിയസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായ പാർട്ടിയെ ഒരുക്കാനാണ് മുഖ്യമന്ത്രി പദവിയൊഴിഞ്ഞത് എന്നാണ് കെജ്‌രിവാൾ വിശദീകരിച്ചത്.
അതിഷിയുമായി ലഫ്റ്റനന്റ് ഗവർണർ നേരത്തെ നല്ല ബന്ധത്തിലായിരുന്നില്ല. ഏപ്രിലിൽ കെജ്‌രിവാൾ ജയിലിലായിരിക്കെ അതിഷിയോടും സഹപ്രവർത്തകനായ സൗരഭ് ഭരദ്വാജിനോടും നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടും അത് ഗൗരവത്തിൽ പരിഗണിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സക്‌സേന അതിഷിയെ രൂക്ഷമായി വിമർശിച്ചിരുന്നു. കേന്ദ്രസർക്കാരിന്റെ ഇൻഷൂറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരത് പദ്ധതി നടപ്പാക്കാത്തതിൽ കഴിഞ്ഞ മാസവും ഗവർണർ വിമർശനമുന്നയിച്ചിരുന്നു.