സഹോദരീ ഭർത്താവിനെ കൊന്ന കേസിൽ 27 വർഷം 'സന്യാസി'യായി ഒളിവിൽ; ഒടുവിൽ 77കാരൻ വലയിൽ
|'പ്രതി ഒരു സന്യാസിയുടെ വേഷത്തിൽ ക്ഷേത്രങ്ങൾ സന്ദർശിക്കുകയും രാജ്യത്തുടനീളമുള്ള വിവിധ ധർമശാലകളിൽ താമസിക്കുകയുമായിരുന്നു'.
ന്യൂഡൽഹി: സഹോദരീ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിൽ നിന്ന് രക്ഷപെടാൻ 27 വർഷമായി സന്യാസി വേഷത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി ഒടുവിൽ വലയിൽ. ഡൽഹി തുഗ്ലക്കാബാദ് സ്വദേശി തില്ലു എന്ന രാംദാസ് ആണ് ഉത്തരാഖണ്ഡിലെ ഋഷികേശിൽ നിന്ന് അറസ്റ്റിലായത്. യഥാർഥ പേര് മറച്ചുവച്ച് വിവിധ തീർഥാടന കേന്ദ്രങ്ങളിൽ സന്യാസി ആയി വേഷം മാറി ഒളിവിൽ കഴിയുകയായിരുന്നു ഇയാളെന്ന് ഡൽഹി പൊലീസ് പറഞ്ഞു.
1997 ഫെബ്രുവരി നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. തുഗ്ലക്കാബാദ് എക്സ്റ്റൻഷനിൽ വച്ച് കിഷൻ ലാൽ എന്നയാളെ ഭാര്യാസഹോദരനായ തില്ലുവും രാമു എന്നയാളും ചേർന്ന് കൊലപ്പെടുത്തി. 1997 മെയ് അഞ്ചിന് ഇരുവരേയും പ്രഖ്യാപിത കുറ്റവാളികളായി പ്രഖ്യാപിച്ചു.
കേസിൽ തില്ലു ഒളിവിൽ പോയതിനെ തുടർന്ന് ഇയാളെ കണ്ടെത്താൻ പ്രത്യേക പൊലീസ് സംഘത്തെ ചുമതലപ്പെടുത്തിയതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (ക്രൈംബ്രാഞ്ച്) അമിത് ഗോയൽ പറഞ്ഞു. 'പൊലീസ് സംഘം കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയും കുടുംബാംഗങ്ങളുടെയും അടുത്ത ബന്ധുക്കളുടേയും മൊബൈൽ നമ്പരുകളടക്കം പരിശോധിച്ചുവരികയം ചെയ്തു'.
പരിശോധനയിൽ, ഒരു മൊബൈൽ നമ്പർ ഇടയ്ക്കിടെ സ്ഥലം മാറുന്നത് ശ്രദ്ധയിൽപ്പെട്ടു. ഇയാളുടെ ലൊക്കേഷൻ കൂടുതലും ഉത്തരാഖണ്ഡിലെ ഹരിദ്വാറിലും ഋഷികേശിലുമുള്ള ആരാധനാലയങ്ങൾക്ക് സമീപമായിരുന്നുവെന്നും ഡിസിപി പറഞ്ഞു. 'പ്രതി ഒരു സന്യാസിയുടെ വേഷത്തിൽ ക്ഷേത്രങ്ങൾ സന്ദർശിക്കുകയും രാജ്യത്തുടനീളമുള്ള വിവിധ ധർമശാലകളിൽ താമസിക്കുകയുമായിരുന്നു'.
'2023ൽ കന്യാകുമാരിയിലായിരുന്നു ഇയാൾ. പിന്നീട് ഒഡീഷയിലെ ജഗന്നാഥപുരിയിലേക്ക് മാറിയതിനാൽ കണ്ടെത്താനായില്ല. എന്നാൽ പിന്നീട് ഉത്തരാഖണ്ഡിലെ ഋഷികേശിലേക്ക് പോയി. ഋഷികേശിലുണ്ടെന്ന് വ്യക്തമായതിനെ തുടർന്ന് പൊലീസ് സംഘം ഇവിടെ എത്തുകയും മൂന്ന് ദിവസം തുടർച്ചയായി വളണ്ടിയർമാരായി പ്രവർത്തിക്കുകയും ഇതിനിടെ തില്ലുവിനെ തിരിച്ചറിയുകയും പിടികൂടുകയുമായിരുന്നു'- ഡിസിപി കൂട്ടിച്ചേർത്തു.