ആംആദ്മി എം.എൽ.എ അമാനത്തുല്ലാ ഖാന്റെ സഹായി ആയുധ നിയമപ്രകാരം അറസ്റ്റിൽ
|ഇന്നലെ ഹാമിദ് അലിയുടെ വീട്ടിൽ ഡൽഹി പൊലീസ് നടത്തിയ റെയ്ഡിൽ ലൈസൻസില്ലാത്ത പിസ്റ്റളും 12 ലക്ഷം രൂപയും പിടിച്ചെടുത്തിരുന്നു.
ന്യൂഡൽഹി: ആം ആദ്മി പാർട്ടി എം.എൽ.എയും ഡൽഹി വഖഫ് ബോർഡ് ചെയർമാനുമായ അമാനത്തുല്ലാ ഖാന് പിന്നാലെ അദ്ദേഹത്തിന്റെ സഹായിയും അറസ്റ്റിൽ. അമാനത്തുല്ലയുടെ ബിസിനസ് പങ്കാളി കൂടിയായ ഹാമിദ് അലിയാണ് അറസ്റ്റിലായത്. ലൈസൻസില്ലാത്ത തോക്ക് കൈവശം വച്ചെന്ന കുറ്റത്തിനാണ് അറസ്റ്റ്.
ആയുധ നിയമപ്രകാരമാണ് ഹാമിദ് അലിയെ അറസ്റ്റ് ചെയ്തത്. ഇന്നലെ ഹാമിദ് അലിയുടെ വീട്ടിൽ ഡൽഹി പൊലീസ് നടത്തിയ റെയ്ഡിൽ ലൈസൻസില്ലാത്ത പിസ്റ്റളും 12 ലക്ഷം രൂപയും പിടിച്ചെടുത്തിരുന്നു. ഡൽഹി പൊലീസിന്റെ അഴിമതി വിരുദ്ധ ബ്രാഞ്ച് (എ.സി.ബി) ആണ് റെയ്ഡ് നടത്തിയത്. ഡൽഹിയിലെ വിവിധയിടങ്ങളിൽ നടന്ന റെയ്ഡിന്റെ ഭാഗമായിട്ടായിരുന്നു ഹാമിദ് അലിയുടെ വീട്ടിലും പരിശോധന.
അലിയുടെ ജാമിഅ നഗറിലെ വീട്ടിൽ നിന്നാണ് തോക്കും പണവും കണ്ടെത്തിയത്. വഖഫ് ബോർഡിൽ ക്രമക്കേട് ആരോപിച്ച് 2020ൽ ഖാനെതിരെ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. ഈ കേസിലാണ് ഓഖ്ലയിൽ നിന്നുള്ള എംഎൽഎയായ അമാനത്തുല്ലാ ഖാനെ ഇന്നലെ ഡൽഹി പൊലീസിന്റെ അഴിമതി വിരുദ്ധ ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ അമാനത്തുല്ല ഖാനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
അതേസമയം, എം.എൽ.എയുടേയും സഹായിയുടേയും അറസ്റ്റിന് പിന്നിൽ ഗൂഡാലോചനയുണ്ടെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു. അമാനത്തുല്ലയ്ക്കെതിരായ കേസ് അടിസ്ഥാനരഹിതമാണ്. അദ്ദേഹത്തിന്റെ വീട്ടിൽ നിന്നോ ഓഫിസിൽ നിന്നോ റെയ്ഡിൽ യാതൊന്നും കണ്ടെടുത്തിട്ടില്ല. പാർട്ടിയെ അപകീർത്തിപ്പെടുത്താനും എം.എൽഎയെ കള്ളക്കേസിൽ കുടുക്കാനുമുള്ള ഗൂഡാലോചനയാണ് ഇതെന്നും പാർട്ടി ആരോപിച്ചു.