സീറ്റ് കച്ചവടമെന്ന് ആരോപണം: ഡല്‍ഹിയില്‍ എ.എ.പി പ്രതിസന്ധിയിൽ
|സീറ്റ് കച്ചവടം പ്രചാരണ ആയുധമാക്കാൻ ഒരുങ്ങുകയാണ് ബി.ജെ.പിയും കോൺഗ്രസും.
ഡൽഹി മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പ് അടുത്തുനിൽക്കെ ആം ആദ്മി പാർട്ടി പ്രതിസന്ധിയിൽ. പല വാർഡുകളിലും എ.എ.പി സീറ്റ് നൽകിയത് പണം വാങ്ങിയാണെന്ന ആരോപണം ശക്തമാകുന്നു. സീറ്റ് കച്ചവടം പ്രചാരണ ആയുധമാക്കാൻ ഒരുങ്ങുകയാണ് ബി.ജെ.പിയും കോൺഗ്രസും.
അടുത്ത മാസം നാലിന് ഡൽഹി മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ആം ആദ്മി പാർട്ടിക്ക് എതിരെ സീറ്റ് കച്ചവട ആരോപണം ഉയർന്നത്. മുൻ എ.എ.പി കൗൺസിലർ ഹസിബുൾ ഹസൻ ആരോപണം ഉന്നയിച്ചത് ഗൗരവം വർധിപ്പിക്കുന്നു. സീറ്റിനായി തന്നോടും പണം ആവശ്യപ്പെട്ടു എന്നാണ് ഹസൻ പറയുന്നത്. പല സീറ്റുകൾക്കും 3 കോടി വരെ വാങ്ങി എന്നാണ് ആക്ഷേപം.
250 സീറ്റുകളിലും സ്ഥാനാർഥിയെ പ്രഖ്യാപിച്ച് പ്രചാരണം നടത്താൻ ഒരുങ്ങിയ ആം ആദ്മി പാര്‍ട്ടിക്ക് പുതിയ ആരോപണം തിരിച്ചടിയായി. എ.എ.പിക്ക് എതിരെ വീണു കിട്ടിയ ആയുധമായാണ് ഹസിബുൾ ഹസന്റെ ആരോപണത്തെ ബി.ജെ.പി കാണുന്നത്. സീറ്റ് കച്ചവടം ആയുധമാക്കി എ.എ.പിയെ സമ്മർദത്തിലാക്കാനാണ് കോൺഗ്രസിന്‍റെയും ബി.ജെ.പിയുടെയും നീക്കം.