India
ഡൽഹി വംശീയാതിക്രമം : അന്വേഷണം അപഹാസ്യമെന്ന് കോടതി
India

ഡൽഹി വംശീയാതിക്രമം : അന്വേഷണം അപഹാസ്യമെന്ന് കോടതി

Web Desk
|
14 July 2021 12:02 PM GMT

ഡൽഹി വംശീയാതിക്രമവുമായി ബന്ധപ്പെട്ട കേസുകളിൽ ഡൽഹി പൊലീസിന് രൂക്ഷ വിമർശനവുമായി കോടതി. വംശീയാതിക്രമത്തിനിടെ ഇടത് കണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടപ്പെട്ടെന്ന മുഹമ്മദ് നസീറിന്റെ പരാതിയിൽ എഫ്.ഐ.ആർ ഫയൽ ചെയ്യാനുള്ള കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള ഡൽഹി പൊലീസിന്റെ ഹരജി ഡൽഹി കർക്കർദുമാ കോടതി ജഡ്ജി വിനോദ് യാദവ് തള്ളി.

കേസിൽ അന്വേഷണം അപഹാസ്യമാണെന്ന് അഭിപ്രായപ്പെട്ട കോടതി ഭജൻപുര പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർക്കും മേലുദ്യോഗസ്ഥർക്കും ഇരുപത്തി അയ്യായിരം രൂപ പിഴ ചുമത്തുകയും ചെയ്തു. കേസിൽ ഹരജിക്കാരനും മേലുദ്യോഗസ്ഥരും നിയമപരമായ ഉത്തരവാദിത്തം നിർവഹിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും ഇന്നലെ പുറപ്പെടുവിച്ച ഉത്തരവിൽ കോടതി പറഞ്ഞു.

അന്വേഷണത്തിന്റെ നില ശ്രദ്ധയിൽപെടുത്താനായി ഉത്തരവിന്റെ പകർപ്പ് ഡൽഹി പൊലീസ് കമ്മീഷണർക്കും അയച്ച കോടതി അദ്ദേഹത്തോട് ആവശ്യമായ പരിഹാര നടപടികൾ എടുക്കാനും ആവശ്യപ്പെട്ടതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

ഡൽഹി പൊലീസ് എത്രയും പെട്ടെന്ന് കേസിൽ എഫ്.ഐ.ആർ റജിസ്റ്റർ ചെയ്യുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് മുഹമ്മദ് നസീർ പറഞ്ഞു. ഡൽഹി സർക്കാർ ഉദ്യോഗസ്ഥനും മുൻ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥനുമായ 34 കാരനായ നസീർ തന്റെ വീടിന് സമീപം വെച്ചാണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തിൽ നസീറിന്റെ ഇടതു കണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടപ്പെട്ടിരുന്നു.

Similar Posts