ദമ്പതികൾ ചമഞ്ഞ് തട്ടിപ്പ്; വ്യാജ ട്രാവൽ ഏജൻസി നടത്തി കോടികൾ തട്ടിയവർ പിടിയിൽ
|2018ൽ ഇവർക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചെങ്കിലും പ്രതികൾ ഒളിവിൽ പോവുകയായിരുന്നു.
ന്യൂഡൽഹി: വ്യാജ ട്രാവൽ ആൻഡ് ടൂറിസം ഏജൻസി വഴി ആളുകളെ കബളിപ്പിച്ച് കോടികൾ തട്ടിയവർ ഡൽഹി പോലീസിന്റെ പിടിയിൽ. സത്യപ്രകാശ് ഭരദ്വാജ് (52), സുമൻ ആര്യ എന്നിവരാണ് അറസ്റ്റിലായത്. ഭാര്യാ ഭർത്താക്കന്മാർ ആണെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ഇവർക്കെതിരെ നിരവധി പരാതികളാണ് ഡൽഹി പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2018ൽ ഇവർക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചെങ്കിലും പ്രതികൾ ഒളിവിൽ പോവുകയായിരുന്നു.
പ്രതികൾക്കായി വിവിധ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഒടുവിൽ ഡൽഹി റെയിൽവേ സ്റ്റേഷനിൽ വെച്ച് തട്ടിപ്പിനിരയായ ഒരാൾ സത്യപ്രകാശിനെ തിരിച്ചറിയുകയും പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു. പോലീസ് സ്ഥലത്തെത്തിയപ്പോൾ ഇയാൾ ട്രെയിനിൽ കയറി രക്ഷപെടാൻ ശ്രമിച്ചെങ്കിലും പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. അതിനിടെ, ഹാപൂരിലെ ഗർ മുക്തേശ്വറിലെ ഉപാധ്യായ് കോളനിയിൽ വെച്ച് സുമൻ ആര്യയെയും പോലീസ് പിടികൂടി.
മണാലി ടൂർ, സബ്‌സിഡി പ്രോഗ്രാമുകൾ, രാഷ്ട്രീയ ശിക്ഷാ മിഷൻ തുടങ്ങിയവയുടെ പേരിൽ ഡൽഹിയിലും രാജസ്ഥാനിലും തട്ടിപ്പ് നടത്തിയതായി പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. 2017ലാണ് 'വിംഗ്‌സ് ടു ഡ്രീംസ്' എന്ന പേരിൽ ഭരദ്വാജ് ഒരു പ്ലേസ്‌കൂളും വൈറ്റൽ വെൽഫെയർ ടൂർ & ട്രാവൽസ് ഏജൻസിയും തുടങ്ങിയത്. രാജസ്ഥാനിൽ തുടങ്ങിയ ഏജൻസി വഴി മാത്രം 25 ലക്ഷം രൂപയുടെ തട്ടിപ്പാണ് ഇയാൾ നടത്തിയത്. ഇതിനിടെയാണ് സുമനെ കൂടെക്കൂട്ടിയത്. ട്രാവൽ തട്ടിപ്പിന് പുറമേ നിക്ഷേപം നടത്താൻ ആളുകളെ പ്രേരിപ്പിച്ചതും ഇവർ തട്ടിപ്പ് നടത്തിയിരുന്നു.